മൂന്നു ദിവസത്തെ റാലിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിക്ക് നഷ്ടത്തിന്‍റെ ദിവസം. സെന്‍സെക്സ് 504 പോയിന്‍റും നിഫ്റ്റി 133 പോയിന്‍റും ഇടിഞ്ഞു. റാലിക്ക് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതും വിദേശ വിപണികളിലുണ്ടായ തിരിച്ചടിയുമാണ് നഷ്ടത്തിന്‍റെ പ്രധാന കാരണങ്ങള്‍. മൂന്നു സെഷനിലായി 3.8 ശതമാനം നേട്ടമാണ് സൂചികയിലുണ്ടായത്.
സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക്! വന്‍കയറ്റത്തിന് മുന്‍പ് വാങ്ങാന്‍ അവസരം? സാധ്യതകള്‍ ഇങ്ങനെ
83,151.62 വരെ താഴ്ന്ന ശേഷം സെന്‍സെക്സ് 83,313 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 25650 വരെ താഴ്ന്നെങ്കിലും 25,642.80 ല്‍ ക്ലോസ് ചെയ്തു. മിഡ്കാപ് സൂചിക 0.43 ശതമാനവും സ്മോള്‍കാപ് സൂചിക 0.81 ശതമാനവും ഇടിഞ്ഞു. വ്യാഴാഴ്ചയിലെ ഇടിവോടെ നിക്ഷേപമൂല്യത്തില്‍ 2 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയില്‍ നിന്നും 466.5 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഇടിവിന് കാരണങ്ങള്‍
ഇന്ത്യ– യു.എസ് വ്യാപാര കരാറിന് പിന്നാലെയുണ്ടായ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുത്തതാണ് ഒരു കാരണം. വിദേശ വിപണികളിലെ വില്‍പ്പനയും തിരിച്ചടിയായി. രാജ്യാന്തര വിപണികളിലെ ട്രെന്‍ഡ് ഇന്ത്യന്‍ വിപണിയും പിന്തുടരും. നാസ്ഡാക്ക് ഒറ്റ രാത്രികൊണ്ട് 1.5 ശതമാനം ഇടിഞ്ഞതോടെ കൊറിയയുടെ കോസ്പി 4 ശതമാനവും ജപ്പാന്റെ നിക്കി ഏകദേശം 1% ഇടിഞ്ഞു. എഐ യിലെ ഉയര്‍ന്ന നിക്ഷേപ ചെലവ് സംബന്ധിച്ച ആശങ്കകള്‍ക്ക് പിന്നാലെ ടെക്ക് ഓഹരികളിലെ ഇടിവാണ് ഇതിന് കാരണം.
മൂന്നാം പാദഫലം വിപണി പ്രതീക്ഷയ്ക്കും താഴെയത് സ്ഥിരമായ വാങ്ങലിന് സമയമായില്ലെന്ന ആശങ്കയുണ്ടാക്കുന്നത്. ബജറ്റ്, വ്യാപാര കരാര്‍ എന്നിവയ്ക്ക് ശേഷം നിക്ഷേപകര്‍ വാല്യുവേഷനിലും പാദഫലങ്ങളിലും ശ്രദ്ധമാറ്റി. സ്മോള്‍കാപ്, മിഡ്കാപ് സെഗ്മെന്‍റുകളില്‍ ഇപ്പോഴു ഓവര്‍വാല്യുഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യ–യു.എസ് വ്യാപാര കരാറിന് ശേഷം ഉഷാറായ വിദേശനിക്ഷേപകരുടെ വാങ്ങല്‍ ബുധനാഴ്ച നേര്‍ത്തതായിരുന്നു. 29.79 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. അതേസമയം, ചൊവ്വാഴ്ച 5,236.28 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്.
ഓഹരികളുടെ പ്രകടനം
നിഫ്റ്റിയില്‍ ഹിന്‍ഡാല്‍കോ, എറ്റേണൽ, ഭാരതി എയര്‍ടെല്‍, ഭെല്‍, എസ്ബിഐ ലൈഫ് എന്നിവയാണ് വലിയ ഇടിവ് നേരിട്ട ഓഹരികള്‍. മൂന്നാം പാദഫലത്തിന് പിന്നാലെ ട്രെന്‍ഡ് ലിമിറ്റഡിന്‍റെ ഓഹരികളില്‍ നേട്ടമുണ്ടായി. ഐടി ഓഹരികൾ നഷ്ടം വർദ്ധിപ്പിച്ചു. എംഫാസിസ്, ഇൻഫോസിസ്, കോഫോർജ് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. വെള്ളി വിലയിൽ 11 ശതമാനം ഇടിവുണ്ടായതിന് പിന്നാലെ ഹിന്ദുസ്ഥാൻ സിങ്ക് അഞ്ചു ശതമാനം ഇടിഞ്ഞു.
പേജ് ഇൻഡസ്ട്രീസ് നാലു ശതമാനമാവും ഇന്ത്യന്‍ ഓയില്‍ രണ്ടു ശതമാനവും കമ്മിൻസ് ഇന്ത്യ അഞ്ചു ശതമാനവും ഉയർന്നു.
സെക്ടറല്‍ സൂചികകളില്‍ പിഎസ്‍യു ബാങ്ക്, ഹെല്‍ത്ത്കെയര്‍ എന്നിവ ഒഴികെ എല്ലാം നഷ്ടത്തിലാണ്. മെറ്റല്‍ സൂചിക 1.02 ശതമാനം ഇടിവ് നേരിട്ടു. ഓട്ടോ, പ്രൈവറ്റ് ബാങ്ക്, റിയലിറ്റി, ഐടി എന്നിവ അര ശതമാനത്തോളം ഇടിഞ്ഞു.