idfc-first-bank

TOPICS COVERED

ഹരിയാന സര്‍ക്കാറിന്‍റെ ഫണ്ട് ആസൂത്രികമായി ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്ത് ഭാര്യയുടെ കമ്പനിയിലേക്ക് മാറ്റി! ഞെട്ടിക്കുന്ന തട്ടിപ്പാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ നടന്നത്. ഹരിയാന സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളുടെ 590 കോടി രൂപയാണ് ഐഡിഎഫ്സി ബാങ്കിന്‍റെ ചത്തീസ്ഗഡ് ശാഖയില്‍ നിന്നും തട്ടിച്ചത്. കേസുമായി ബന്ധപ്പെട്ട് നാലു പേരെയാണ് ഹരിയാന വിജിലന്‍സും അഴിമതി വിരുദ്ധ സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ രണ്ടു പേര്‍ ബാങ്ക് ജീവനക്കാരാണ്. രണ്ടു പേര്‍ പാര്‍ട്ണര്‍ഷിപ്പില്‍ കമ്പനി നടത്തുന്നവരാണ്. 

 

റിഭാവ് ഋഷി, അഭയ് കുമാർ, സ്വാതി സിംഗ്ല, അഭിഷേക് സിംഗ്ല എന്നിവരാണ് അറസ്റ്റിലായത്. ആറ് മാസം മുമ്പ് വരെ ബാങ്കിന്റെ സെക്ടർ 32 ബ്രാ‍ഞ്ച് മാനേജറായിരുന്നു ഋഷി.  കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ സ്ഥാനത്ത് നിന്നും അഭയ്  രാജിവച്ചത്. ഇയാളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 

 

തട്ടിയെടുത്ത പണത്തില്‍‌ 300 കോടി രൂപ സ്വാതി സിംഗ്ലയുടെ നേതൃത്വത്തിലുള്ള സ്വാതിക് ദേശ് പ്രൊജക്ടിന്‍റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. സ്വാതി സിംഗ്ലയുടെ കയ്യിലാണ് കമ്പനിയുടെ 75 ശതമാനം ഓഹരി. സഹോദരന്‍ അഭിഷേകിന്‍റെ കയ്യിലാണ് ബാക്കി ഓഹരി. സ്വാതിയുടെ ഭര്‍ത്താവാണ് അഭയ്. 

 

അതേസമയം, സര്‍ക്കാറിന് നഷ്ടമായ തുക മുതലും പലിശയും സഹിതം 583 കോടിരൂപ വിവിധ വകുപ്പുകള്‍ക്ക് തിരികെ നല്‍കിയതായി ബാങ്ക് അറിയിച്ചു. 590 കോടി രൂപയുടെ പൊരുത്തകേടാണ് അക്കൗണ്ടിലുണ്ടായത്. ഇത് ബാങ്കിന്‍റെ മൂന്നാം പാദത്തിലെ ലാഭമായ 503 കോടി രൂപയേക്കാള്‍ അധികമാണ്. അതേസമയം, ഓഹരി വിലയിലുണ്ടായ ഇടിവ് കാരണം 14,000 കോടി രൂപയാണ് ഓഹരി ഉടമകള്‍ക്ക് ഉണ്ടായ നഷ്ടം. 

 

തിങ്കളാഴ്ച ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് തൊട്ടു. ജനുവരി ആദ്യവാരം 87  രൂപയിലെത്തി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കുറിച്ച ഓഹരി ഈ നിലവാരത്തിന് അടുത്തായിരുന്നു വ്യാപാരം നടത്തിയിരുന്നത്. വാര്‍ത്തയോടെ തിങ്കളാഴ്ച ഓഹരി 20 ശതമാനം വീണ് 70 രൂപയിലേക്ക് എത്തി. ബുധനാഴ്ച ഓഹരി ഒരു ശതമാനം നഷ്ടത്തില്‍ 70.20 രൂപയിലാണ് ക്ലോസ് ചെയ്തത്. 

 

ഈ ചെക്ക് ഇടപാടിലൂടെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 590 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നത്. അധികതുക ഉയര്‍ന്ന പലിശയുള്ള സ്ഥിര നിക്ഷേപമാക്കി മാറ്റണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടാതെ സേവിങ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാണ് സര്‍ക്കാര്‍ ആദ്യം ശ്രദ്ധിച്ചത്. ഇതോടെ ബാങ്കില്‍ നിന്നും സര്‍ക്കാര്‍ സ്റ്റേറ്റ്മെന്‍റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്മെന്‍റിലുള്ള ബാലന്‍സും സര്‍ക്കാര്‍ കണക്കിലുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് തട്ടിപ്പിലേക്ക് കണ്ണുതുറപ്പിച്ചത്. ഇതോടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനെയും എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിനെയും സര്‍ക്കാര്‍ ഇടപാടിന്‍റെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും പണം മാറ്റുകയുമായിരുന്നു. 

ENGLISH SUMMARY:

Haryana government fund scam involving IDFC First Bank shows a massive 590 crore misappropriation orchestrated by bank employees and partners, with funds diverted to a company owned by a bank employee's wife. This financial fraud has led to significant stock price drops for the bank and is being investigated by authorities.