• സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി സംസ്ഥാനത്തെ പമ്പുകളിൽ പെട്രോളിന് ലീറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്ന് രൂപയും വർധിപ്പിച്ചു.

സംസ്ഥാനത്ത് നയാര എനർജി പമ്പുകളിൽ ഇന്ധനവില വർധന. പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധന. നയാര പമ്പുകളിൽ പെട്രോൾ ലീറ്ററിന് 120 രൂപയും ഡീസലിന് 106.55  രൂപയുമായി വില ഉയര്‍ന്നു. അതേസമയം, പൊതുമേഖലാ എണ്ണ കമ്പനികളുടെ വിലയില്‍ മാറ്റമില്ല. രാജ്യത്തെ ഒരു ലക്ഷത്തില്‍പരം പെട്രോള്‍ പമ്പുകളില്‍ 6,967 പമ്പുകളാണ് നയാര ഓപ്പറേറ്റ് ചെയ്യുന്നത്. 

വിലക്കുറവ് പ്രയോജനപ്പെടുത്താൻ വ്യാവസായിക, ബൾക്ക് ഉപഭോക്താക്കൾ പെട്രോൾ പമ്പുകളെ ആശ്കരിക്കാൻ തുടങ്ങിയതോടെ സ്വകാര്യ എണ്ണ കമ്പനികളായ ജിയോ-ബി.പിയും നയാര എനർജിയും ഡീസൽ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജിയോ പമ്പുകളിൽ പ്രതിദിനം 50 ലീറ്റർ ഡീസൽ മാത്രമാണ് ഒരാൾക്ക് ലഭിക്കുക. 70 ലീറ്റർ മുതൽ 200 ലീറ്റർ വരെയാണ് നയാര ഏർപ്പെടുത്തിയ പരിധി. ഇതിനു പിന്നാലെയാണ് നയാര വില വർധിപ്പിച്ചത്. 

മേയ് മാസത്തിലാണ് എണ്ണ കമ്പനികള്‍ അവസാനമായി വില വര്‍ധിപ്പിച്ചത്.  നാലു തവണയാണ് മേയ് മാസത്തിലുണ്ടായ വില വര്‍ധനവ്. നാലു തവണകളായി പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 7.35 രൂപയും 7.53 രൂപയും വര്‍ധിപ്പിച്ചിരുന്നു. പിന്നീട് യുദ്ധത്തിനു ഇടവേളയുണ്ടാവുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഹോര്‍മുസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 102.3 ഡോളറിലാണുള്ളത്. 

അതേസമയം, പൊതുമേഖലാ പെട്രോള്‍ പമ്പുകളില്‍ പെട്രോളിന് 113.50 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 102.42 രൂപയിലാണ് വ്യാപാരം. സ്വകാര്യ എണ്ണ കമ്പനികളുമായി വിലയില്‍ വലിയ വ്യത്യാസത്തിലാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധനം വില്‍ക്കുന്നത്. അസംസ്കൃത എണ്ണ വില ഉയരുന്നതോടെ നഷ്ടത്തിലാണ് എണ്ണ കമ്പനികള്‍ വില്‍പന തുടരുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നിലവില്‍ പെട്രോളിന് ലീറ്ററിനു അഞ്ചു രൂപയും ഡീസിലിന് 20 രൂപയും നഷ്ടമുണ്ടെന്നാണ് കണക്ക്. 

ENGLISH SUMMARY:

Private fuel retailer Nayara Energy has increased fuel prices across its pumps in Kerala, hiking petrol by Rs 5 per litre and diesel by Rs 3 per litre. Following the revision, petrol is now priced at Rs 120 per litre and diesel at Rs 106.55 per litre at Nayara outlets, whereas public sector oil marketing companies have kept their prices unchanged. The price hike follows recent sales quota restrictions imposed by private retailers like Nayara and Jio-BP to curb losses as bulk buyers shifted to retail outlets. The surge in international crude oil prices, with Brent crude reaching $102.3 per barrel due to the ongoing conflict near the Strait of Hormuz, continues to mount financial losses on fuel retailers.