• ലവിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 20 രൂപയും നഷ്ടത്തിലാണ് കമ്പനികളുടെ വിൽപ്പന.

രാജ്യത്തെ പെട്രോൾ വിലനിർണ്ണയ ബെഞ്ച്മാർക്ക് ബാരലിന് 133.05 ഡോളറിലെത്തി. 50 മാസത്തെ ഉയർന്ന നിരക്കാണിത്. റീട്ടെയിൽ വില നിശ്ചയിക്കാൻ അടിസ്ഥാനമാക്കുന്ന ശുദ്ധീകരിച്ച രാജ്യാന്തര പെട്രോളിന്‍റെ വില ഉയര്‍ന്നതോടെ രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വില ഉയരുന്നതാണ് വിലകൂടാന്‍ കാരണം. 

സെപ്റ്റംബർ 1 നും 18 നും ഇടയിലുള്ള പെട്രോളിന്‍റ ശരാശരി പ്രതിദിന ബെഞ്ച്മാർക്ക് വില ആഗസ്റ്റ് മാസത്തെ ശരാശരിയേക്കാള്‍ 20 ശതമാനമാണ് ഉയര്‍ന്നത്. മേയ് മാസത്തിൽ രേഖപ്പെടുത്തിയ 129.63 ഡോളർ എന്ന സമീപകാല റെക്കോര്‍ഡിനെയും ഇത് മറികടന്നു. മേയ് മാസത്തിലാണ് എണ്ണ കമ്പനികള്‍ നാലു തവണ വില വര്‍ധിപ്പിച്ചത്. വില ഉയരുന്നതോടെ നഷ്ടത്തിലാണ് എണ്ണ കമ്പനികള്‍ വില്‍പന തുടരുന്നത്. നിലവില്‍ പെട്രോളിന് ലീറ്ററിനു അഞ്ചു രൂപയും ഡീസിലിന് 20 രൂപയും നഷ്ടമുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഈ വര്‍ഷം മേയിലാണ് രാജ്യത്ത് അവസാനമായി ഇന്ധന വില വര്‍ധിപ്പിച്ചത്. പ്രതിദിന നഷ്ടം 1,000 കോടി രൂപയ്ക്ക് മുകളിലേക്ക് എത്തിയതോടെയാണ് പൊതുമേഖലാ കമ്പനികൾ വില ഉയര്‍ത്തിയത്. നാലു തവണകളായി പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 7.35 രൂപയും 7.53 രൂപയും വര്‍ധിപ്പിച്ചിരുന്നു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുകയോ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയോ ചൈനയോ സമ്മർദം നേരിടുകയോ ചെയ്താൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇനിയും ഉയരുമെന്നതാണ് റീട്ടെയില്‍ വ്യാപാരികളുടെ ആശങ്ക. ലോകത്ത് എണ്ണ ഉപയോഗത്തില്‍ മുന്നിലുള്ള ഇരു രാജ്യങ്ങളും റഷ്യന്‍ എണ്ണ ഒഴിവാക്കി മറ്റു വിതരണക്കാരെ സമീപിച്ചാല്‍ വിപണിയില്‍ സമ്മര്‍ദമുണ്ടാവുകയും വില ഉയരുകയും ചെയ്യും. അതേസമയം, നിലവില്‍ രാജ്യാന്തര എണ്ണ വില ചാഞ്ചാട്ടത്തിലാണ്. 

ഹൂതികള്‍ സൗദിയുടെ എണ്ണ ശ്രംഖലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാജ്യാന്തര ക്രൂഡ് ഓയില്‍ വില ബാരലിനു 108.75 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച എണ്ണ വില ക്ലോസ് ചെയ്തത് 103.87 ഡോളറിലാണ്. നിലവില്‍ 101 ഡോളറിലേക്ക് രാജ്യാന്തര വില താഴ്ന്നിട്ടുണ്ട്. 

ENGLISH SUMMARY:

India's petrol pricing benchmark surged to $133.05 per barrel, marking a 50-month high driven by escalating West Asia geopolitics. Between September 1 and 18, the average daily benchmark price rose 20% compared to August, surpassing the previous record set in May. Oil marketing companies are currently suffering losses of ₹5 per litre on petrol and ₹20 per litre on diesel, fueling widespread expectations of an impending retail fuel price hike. Retailers fear further price escalation if regional conflicts worsen or if major importers face international pressure to limit Russian oil purchases.