AI Generated Image

AI Generated Image

TOPICS COVERED

  • യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര സ്പോട്ട് ഗോൾഡ് നിരക്ക് ഔൺസിന് 4,453.7 ഡോളറിലേക്ക് ഇടിഞ്ഞു.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച നിലവിലെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മെയ് 13-നായിരുന്നു കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുത്തനെ ഉയർത്തിയത്. നികുതി നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി രാജ്യത്തുടനീളം സ്വർണവില ഗണ്യമായി കുറയുകയും, വിപണിയിലെ കള്ളക്കടത്ത് തടഞ്ഞ് ഔദ്യോഗിക ഇറക്കുമതി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുമോ എന്ന് ധനകാര്യ വകുപ്പുകൾ വിശദമായി വിലയിരുത്തി വരികയാണ്. 

ഇറക്കുമതി തീരുവ കൂട്ടിയ സമയത്ത് കേരളത്തിൽ സ്വർണവില ഒറ്റദിവസം കൊണ്ട് ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയും വർദ്ധിച്ച് ചരിത്ര കുതിപ്പ് നടത്തിയിരുന്നു. പിന്നീട് വ്യാപാരികളുടെ വില ഏകീകരണത്തെ തുടർന്ന് പവന് 4,000 രൂപയോളം കുറഞ്ഞു. ഇറക്കുമതി തീരുവ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടായാൽ കേരള വിപണിയില്‍ സ്വർണവില പവന് 10,000 രൂപയോളം കുറയുമോ എന്നതാണ് ചോദ്യം. 

നിലവിൽ രാജ്യാന്തര വിപണിയിലും സ്വർണവില താഴേക്ക് പതിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്. ശനിയാഴ്ച മാത്രം കേരളത്തിൽ പവന് 2,120 രൂപ കുറഞ്ഞ് നിലവിൽ 1,16,040 രൂപയിലാണ് വിപണി നിരക്ക് എത്തിനിൽക്കുന്നത്.

യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ആദ്യ ജാക്സൺ ഹോൾ പ്രഭാഷണത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ സ്വർണവില താഴേക്ക് പോയത്. യു.എസിൽ തൊഴിൽ വിപണി ദുർബലമാണെങ്കിലും പണപ്പെരുപ്പമാണ് പ്രധാന ഭീഷണിയെന്നും നിയന്ത്രണ പരിധിയിലേക്ക് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ശക്തമായ നടപടികൾ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകയായാണ് നിക്ഷേപകര്‍ ഇതിനെ കണ്ടത്. ഇതോടെ യു.എസ് ഡോളറിലേക്കും ബോണ്ടുകളിലേക്കും നിക്ഷേപകര്‍ തിരിഞ്ഞതാണ് സ്വർണവില താഴ്ത്തിയത്. വ്യാഴാഴ്ച ഔൺസിന് 4,696 ഡോളറിലുണ്ടായിരുന്ന സ്പോട്ട് ഗോൾഡ് മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് 4,453.7 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തീരുവ ഇളവ് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവും സംബന്ധിച്ച വകുപ്പുകളും തമ്മിൽ ചർച്ചകൾ തുടരുകയാണെങ്കിലും വിഷയത്തിൽ ഔദ്യോഗികമായ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വരും ദിവസങ്ങളിൽ യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും കേന്ദ്ര സർക്കാരിന്റെ നികുതി നയത്തിലെ മാറ്റങ്ങളും വിപണിയെ കൂടുതൽ സ്വാധീനിക്കും.

ENGLISH SUMMARY:

The Central Government is reportedly considering a review of its previous decision to increase gold import duty from 6 percent to 15 percent. Officials are evaluating whether a tax reduction could significantly lower domestic gold prices, curb illegal smuggling, and boost official imports across the country. If the import duty reduction is officially implemented, market analysts suggest that gold prices in Kerala could potentially drop by around ₹10,000 per sovereign. Meanwhile, global gold prices have also dropped to $4,453.7 per ounce following hawkish comments on inflation and interest rate hikes by US Federal Reserve Chairman Kevin Warsh.