gold-price

സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ആറു ശതമാനമായിരുന്ന തീരുവയിലാണ് മാറ്റം. വിദേശ നാണ്യ ശേഖരം സംരക്ഷിക്കാന്‍ സ്വര്‍ണം വാങ്ങലുകള്‍ കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി. 

സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനായും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ് അഞ്ചു ശതമാനമായും ഉയര്‍ത്തി. ഇതോടെയാണ് ഇറക്കുമതി തീരുവ ആറില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണ വില ഉയരുമെന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറയുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ നിലമെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. 

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യ, ആവശ്യത്തിന്‍റെ ഭൂരിഭാഗവും ഇറക്കുതി ചെയ്യുകയാണ്. അതിനാല്‍ തന്നെ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രം വിവിധ നടപടികളെടുക്കുന്നത്. സ്വര്‍ണ ഇറക്കുമതിക്ക് മൂന്നു ശതമാനം സംയോജിത ചരക്ക് സേവന നികുതി ചുമത്തിയതോടെ ഏപ്രിലില്‍ ബാങ്കുകൾ ഇറക്കുമതി നിർത്തിവെച്ചിരുന്നു. ഇത് ഏപ്രിലിലെ ഇറക്കുമതി കഴിഞ്ഞ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരുന്നു. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്‍റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയിൽ വലിയ വർധനവാണുണ്ടായത്. 2022-ൽ 36.5 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ ഇറക്കുമതി 2025 ആയപ്പോഴേക്കും 58.9 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. 

2024 ബജറ്റിലാണ് കള്ളക്കടത്ത് കുറയ്ക്കുന്നതിനായി സ്വര്‍ണ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചത്. ഇറക്കുമതി നികുതി വർധിപ്പിക്കുന്നത് കള്ളക്കടത്ത് വീണ്ടും സജീവമാകാൻ കാരണമായേക്കാമെന്നാണ് സൂചന. സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് വര്‍ധിക്കുമെന്നതിനാല്‍ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ പോലും ഇന്ത്യയിലെ ആഭ്യന്തര വില ഉയർന്ന നിലയിൽ തന്നെ തുടരാൻ ഇത് കാരണമാകും. 2024 ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചതോടെ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. പുതിയ തീരുമാനത്തോടെ ഇന്നത്തെ സ്വര്‍ണ വിലയില്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത. 

അതേസമയം, രാജ്യാന്തര വിലയില്‍ കാര്യമായ മാറ്റമില്ല. 4,713 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ബീജിംഗിൽ നടക്കാനിരിക്കുന്ന യു.എസ് - ചൈന ഉച്ചകോടിയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും രാജ്യാന്തര സ്വര്‍ണ വിലയെ സ്വാധീനിക്കും.

ENGLISH SUMMARY:

The Central Government has hiked the import duty on gold from 6% to 15% to safeguard foreign exchange reserves and curb domestic demand. This decision follows Prime Minister Narendra Modi's appeal to citizens to reduce gold purchases amidst global economic instability. The new duty structure includes a 10% basic customs duty and a 5% Agriculture Infrastructure and Development Cess (AIDC). While this move aims to reduce India's trade deficit and strengthen the Rupee, experts warn it could lead to higher domestic prices and a potential rise in gold smuggling.