gold-etf

TOPICS COVERED

  • സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ് തുടരുന്നു. രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 4,040 രൂപ. പുതിയ വിലവിവരങ്ങളും പ്രവചനങ്ങളും അറിയാം.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വില ഉയർന്നതോടെ രണ്ടു ദിവസം കൊണ്ട് പവന് 4,040 രൂപയുടെ വർധനവാണുണ്ടായത്. ഇന്ന് പവന് 880 രൂപ വർധിച്ച് 1,17,680 രൂപയിലും ഗ്രാമിന് 110 രൂപ വർധിച്ച് 14,710 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ പെട്ടെന്നുണ്ടായ വിലവർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

Also Read: എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; ഇനി ഓരോ ഇടപാടിനും 15 രൂപ; മാറ്റം എടിഎം ഇടപാടില്‍

രാജ്യാന്തരവിപണിയിൽ സ്വര്‍ണവില ട്രോയ് ഔൺസിന് 4,500 ഡോളറിന് മുകളിൽ തുടരുന്നതാണ് നിലവിലെ മുന്നേറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ ദിവസം 4,456 ഡോളറിലേക്ക് താഴ്ന്ന അന്താരാഷ്ട്ര വില നിലവിൽ 4,546 ഡോളറിലേക്ക് തിരികെ കയറി. യു.എസ്. ട്രഷറി വകുപ്പിന്‍റെ പുതിയ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിച്ചത്. വിപണിയിൽനിന്നുള്ള കടപ്പത്രം തിരികെവാങ്ങൽ (ബോണ്ട് ബൈബാക്ക്) നിലവിലെ 200 കോടി ഡോളറിൽനിന്ന് 400 കോടി ഡോളറാക്കി ഉയർത്തുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കുകയായിരുന്നു. ബോണ്ട് ബൈബാക്ക് ഇരട്ടിയാകുന്നതോടെ ബോണ്ട് യീൽഡും ഡോളർ സൂചികയും ഇടിയുകയും, ഡോളറിൽ വ്യാപാരം നടക്കുന്ന സ്വർണത്തിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടുകയും ചെയ്തു.

Also Read: മൊബൈല്‍ റീചാര്‍ജ് നിരക്ക് 'കൂട്ടി'; 299 രൂപയുടെ റീചാര്‍ജ് ചെയ്തവര്‍ക്ക് ഇനി 50 രൂപ അധിക ചെലവ്

അതേസമയം, 2027-ഓടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔൺസിന് 5,000 ഡോളറിന് മുകളിലേക്ക് ഉയരുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതെങ്കിലും വരുംവർഷങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

 

2026 ജനുവരി 28-ന് രേഖപ്പെടുത്തിയ 5,608.35 ഡോളറാണ് സ്വർണത്തിന്റെ സർവകാല റെക്കോർഡ്. അന്ന് കേരളത്തിൽ പവന് 1,31,160 രൂപയായിരുന്നു വില. നിലവിലെ കുതിപ്പിൽ ഈ റെക്കോർഡ് മറികടക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Gold prices in Kerala have witnessed a sharp upward surge over the past two days, recording a massive total increase of 4,040 rupees per sovereign. This sudden domestic spike was driven by a sharp rally in international markets, where spot gold crossed 4,500 dollars per troy ounce following a U.S. Treasury announcement to expand its bond buyback program. Meanwhile, leading financial institution Morgan Stanley has projected that international gold prices could surpass 5,000 dollars per troy ounce by 2027. Investors and local markets are now closely watching whether this ongoing bullion rally will surpass the previous all-time high recorded in January 2026.