രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി. നാലു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 109.73 രൂപയും ഡീസലിന് 98.63 രൂപയയുമായി. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 3.04 രൂപയാണ് കൂട്ടിയത്.
ആദ്യ ഘട്ടത്തില്‍ കൂട്ടിയ മൂന്നു രൂപ എണ്ണ കമ്പനികള്‍ക്ക് നേരിയ ആശ്വാസമാണെങ്കിലും ഇത്രയും കാലം കമ്പനികള്‍ വഹിച്ച നഷ്ടം നികത്താന്‍ പര്യാപ്തമായിരുന്നില്ല. അതിനാല്‍ ഇനിയും വില വര്‍ധിക്കാമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. രാജ്യാന്തര എണ്ണ വില 50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് രണ്ടു മാസത്തിന് ശേഷമാണ് രാജ്യത്ത് എണ്ണ വില വര്‍ധിക്കുന്നത്. വിപണി വിലയ്ക്കും താഴെ എണ്ണ വില്‍ക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് 1600-1700 കോടി രൂപയാണ് പ്രതിദിന നഷ്ടം. മൂന്നു രൂപയുടെ വര്‍ധന നേരിയ ആശ്വാസമുണ്ടാക്കുമെങ്കിലും കമ്പനികളുടെ നഷ്ടം നികത്താന്‍ ഇത് പര്യാപതല്ല.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെയാണ് ഇന്ധന വിലയിലും വര്‍ധനയുണ്ടായത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 109 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യാന്തര വില കുതിക്കുന്നത്. ഇറാനെതിരെ നാളെ നടത്താനിരുന്ന ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതോടെ എണ്ണ വിലയില്‍ ചെറിയ തിരുത്തലുണ്ടായിട്ടുണ്ട്.