പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കൂട്ടിയേക്കും. വര്‍ധന ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അവലോകന റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. സാമ്പത്തിക വളര്‍ച്ച ബാധിക്കുന്ന നിലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നാണ് കഴിഞ്ഞ മാസം കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയത്. ദിവസം 16 ലക്ഷം ബാരല്‍ വീതമാണ് ഇറക്കുമതി ചെയ്തത്. ഇറാഖില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയില്ല.
കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ ബാരലിന് 126 ഡോളറായി ഉയര്‍ന്നിരുന്നു. ഇങ്ങനെ വില ഉയര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയാകുമെന്നും നികത്താന്‍ കഴിയാത്ത നഷ്ടമുണ്ടാകുമെന്നും ഇന്ധന കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രീമിയം പെട്രോള്‍, ബള്‍ക് ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വില ഇതിനകം തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ പെട്രോളിനും ഡീസലിനുമുള്ള വിലയിലാണ് മാറ്റം വരുത്താതെയിരിക്കുന്നത്. എല്‍പിജിക്ക് സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചു.
ആഗോള വിപണിയില്‍ ഡീസലിനും പെട്രോളിനും കഴിഞ്ഞ മാസം യഥാക്രമം 119 ശതമാനവും 69 ശതമാനവും വീതമാണ് ഫെബ്രുവരിയെ അപേക്ഷിച്ച് വര്‍ധിച്ചത്. എല്‍പിജിക്ക് 40 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. വിമാന ഇന്ധനത്തിന്‍റെ വില ഇരട്ടിയിലേറെയുമായി. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറായിരുന്നു വില. എന്നാല്‍ കഴിഞ് ആറുമാസത്ത ഉയര്‍ന്ന ശരാശരിയാണ് ക്രൂഡ് വിലയില്‍ കഴിഞ്ഞ മാസം ഉണ്ടായത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യ കാലത്തും 2022 ജൂണില്‍ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോഴുമാണ് സമാനമായ വിലക്കയറ്റം ആഗോള വിപണിയില്‍ അനുഭവപ്പെട്ടത്.