el-nino-sardine

സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ. സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് സമുദ്ര മല്‍സ്യങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നു. 

മത്തിക്ക് വീണ്ടും പൊന്നു വിലയാകും. എല്‍ നിനോ വില്ലനാകും. മല്‍സ്യപ്രേമികള്‍ക്ക് അത്ര സുഖകരമല്ല വരാനിരിക്കുന്ന നാളുകള്‍. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ മത്തി ലഭ്യതയില്‍ വന്‍ കുറവുണ്ടാകിനടയുണ്ട്. 

കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മല്‍സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. രാജ്യത്താകെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മല്‍സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു. 

എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഈ വര്‍ഷം തന്നെ സിഎംഎഫ്ആര്‍ഐ പ്രത്യേക ജാഗ്രത നിര്‍ദേശം പുറത്തിറക്കും. കടുത്ത ചൂടിനും ഉയര്‍ന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്ന് മാറിമറിയുന്നതിന് കാരണമാകും. മല്‍സ്യകൃഷിയെ ഇത് സാരമായി ബാധിക്കാനിടയുള്ളതിനാല്‍ തീരദേശത്തെ മല്‍സ്യകര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും സിഎംഎഫ്ആര്‍ഐ അറിയിച്ചു.

ENGLISH SUMMARY:

The Central Marine Fisheries Research Institute (CMFRI) has issued a warning regarding a significant decline in sardine availability due to the predicted El Niño phenomenon. Rising sea surface temperatures and marine heatwaves are expected to impact the Indian Ocean by April-May next year, negatively affecting the breeding and availability of surface-dwelling fish like sardines. Furthermore, the destruction of coral reefs due to persistent ocean warming threatens reef-associated species like grouper. CMFRI has advised fish farmers and coastal communities to remain vigilant and take necessary precautions to mitigate the risks posed by fluctuating salinity levels in coastal and estuarine waters.