vds-aloshious-xavour

സര്‍ക്കാരിനെതിരെ അതൃപ്തി പരസ്യമാക്കി കെ.എസ്.യു. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എസ്.എഫ്ഐ നേതാവിനെ ഗവണ്‍മെന്റ് പ്ലീ‍ഡറായി നിയമിച്ചതിനെതിരെയാണ് അലോഷ്യസ് സേവ്യര്‍ ആഞ്ഞടിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഇങ്ങോട്ടു വിളിച്ചുകൊണ്ടിരുന്ന നേതാക്കള്‍ ഇപ്പോള്‍ ഇന്‍കമിങ് സ്വീകരിക്കുന്നില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പ്. എസ്.എഫ്.ഐക്കാരെ തിരുകിക്കയറ്റുന്നതിനോട് യോജിപ്പില്ലെന്നും ശുപാര്‍ശ ആരുടേതാണെങ്കിലും അംഗീകരിക്കില്ലെന്നും അലോഷ്യ സേവ്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

രൂക്ഷമായ ഭാഷയില്‍ സര്‍ക്കാറിനോടുള്ള അതൃപ്തിയും പ്രതിഷേധവും വ്യക്തമാക്കുന്നതാണ് അലോഷ്യസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വഴിയിൽ കൂടെ പോകുന്ന എസ്എഫ്ഐക്കാരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിന് ഇല്ല. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ പ്ലീഡറാക്കിയ നടപടി തിരുത്തണം എന്നതാണ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്നും അതിനാാണ് പരസ്യമായി പ്രതികരിക്കേണ്ടി വരുന്നതെന്നും അലോഷ്യസ് കുറിച്ചു. 

പ്ലീഡർ നിയമനത്തില്‍ കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കാത്തവരും എതിര്‍ രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുന്നരും ഉള്‍പ്പെട്ടതിനെതിരെ യൂത്ത് കോൺഗ്രസും ലോയർ കോൺഗ്രസ് അടക്കം കോൺഗ്രസ് അനുകൂല സംഘടനകളും അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്‍യുവും രംഗത്തെത്തിയത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം, 

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല.

ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും KSU ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ KSU ക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.

കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ KSU സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്. 

വഴിയിൽ കൂടി പോകുന്ന SFI ക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത UDF സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ KSU ക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.

എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ.

കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും.

ENGLISH SUMMARY:

KSU State President Aloysius Xavier has publicly expressed strong dissatisfaction with the UDF government over the appointment of SFI leaders as government pleaders. Criticizing the move, Xavier stated that the government cannot ignore KSU workers who bled on the streets while protesting against the previous administration for the last decade. He highlighted the irony of appointing individuals involved in attacking KSU students at Thiruvananthapuram Law College to official positions. The KSU leader also alleged that party leaders who once called upon students to protest are now unresponsive to KSU workers, prompting him to voice his protest publicly.