വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് രണ്ട് തവണ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് സർക്കാർ അറിയിച്ചത്. പഴിചാരാനുള്ള സമയമല്ല ഇതെന്നും, പരുക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്നും കോടതി നിർദേശിച്ചു.
മണ്ണ് മാറ്റാൻ കരാർ കമ്പനിക്ക് ദുരന്ത നിവാരണ അതോറിറ്റി മെയ് 26നും ജൂണ്‍ നാലിനും നിര്‍ദ്ദേശം നല്‍കിയെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ശക്തമായ മഴ പെയ്തു മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. സർക്കാരിന്റെ കൃത്യമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
പരിസ്ഥിതി അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുന്നുവെന്നും സർക്കാർ അറിയിച്ചു. പഴിചാരാനുള്ള സമയമല്ല ഇതെന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എ.കെ പ്രീത എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. പരുക്കേറ്റവരുടെ ചികിത്സയുടെയും, കൂട്ടിരിപ്പുകാരുടെയും ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ഈ തുക പിന്നീട് കരാറുകരനിൽ നിന്നും ഈടാക്കുന്ന കാര്യം പരിഗണിക്കും. പ്രഖ്യാപിച്ച ധനസഹായം സര്‍ക്കാര്‍ എത്രയും വേഗം നല്‍കണം. മൃതദേഹങ്ങൾ എത്രയും വേഗം വിട്ടു കൊടുക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.