പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത ഇന്ധന പ്രതിസന്ധി ജനങ്ങളെ ബാധിക്കാതിരിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.  എക്സൈസ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തി. പെട്രോളിന്‍റെ  നികുതി ലീറ്ററിന് 10  രൂപ കുറച്ചു. ഡീസലിനുള്ള 10 രൂപ തീരുവയും ഒഴിവാക്കി. അതേസമയം ഇന്ധനക്കയറ്റുമതിയുടെ തീരുവ വര്‍ധിപ്പിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളുടെ മേല്‍ ഭാരമില്ലാതിരിക്കാനാണ് നടപടിയെന്നും എണ്ണക്കമ്പനികളുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

തീരുമാനം നടപ്പിലാകുന്നതോടെ പെട്രോള്‍ ലീറ്ററിന് മൂന്ന് രൂപയാകും നികുതി. ഡീസലിന് പൂജ്യത്തിലുമെത്തും. കാര്യങ്ങളിങ്ങനെയാണെങ്കിലും ചില്ലറ വിതരണത്തില്‍ ഈ കുറവ് പ്രതിഫലിക്കില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയും, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികളാണ് എണ്ണവില നിശ്ചയിക്കുന്നത്.  എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന  ഈ ഇളവ്  ഉപഭോക്താക്കള്‍ക്ക് നല്‍കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുമാസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങളില്‍ വന്‍ നഷ്ടം എണ്ണക്കമ്പനികള്‍ക്ക് നേരിട്ടതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

നയാര എനര്‍ജി ഇന്നലെയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണക്കമ്പനികളും തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് ആശങ്ക പരന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.

ENGLISH SUMMARY:

To counter the fuel crisis from the Middle East conflict, the Indian government has slashed excise duty on petrol by ₹10 and completely waived the ₹10 duty on diesel. While the government aims to ease the burden on citizens, oil marketing companies (OMCs) like IOC, BPCL, and HPCL may not pass the full benefit to consumers due to recent crude oil losses