Image: Kerala High Court, Manorama

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്‌നം പരിഹരിക്കാന്‍ സർക്കാരിന് രണ്ടാഴ്ച്ച സാവകാശം അനുവദിച്ച് ഹൈക്കോടതി. കുടിയൊഴിപ്പിക്കണമെന്ന വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും, താമസക്കാർ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ മുത്തങ്ങയുടെ മിനി പതിപ്പാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി

മലയിടംതുരുത്ത് പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ എസ്പി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയാതെ കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ നിയമവഴി തേടിയിട്ടില്ലെന്നും, കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കുന്നത് തടയാനാവില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി നിരീക്ഷിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാൻ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. തുറന്ന് രണ്ടാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചു. ഈ സാഹചര്യത്തിൽ സമരം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് സമരസമിതി പറഞ്ഞു.

ENGLISH SUMMARY:

The Kerala High Court has ruled that the eviction order in Malayidamthuruthu must be implemented, while granting the new government two weeks to find a peaceful solution for families facing displacement. The dispute involves two-and-a-half acres within a 19-acre government land area where eight families currently reside. The issue has sparked political controversy following recent police action at the protest site. The opposition has expressed support for granting land titles to the affected families after cancelling alleged illegal ownership claims by private individuals