കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ബിക്രം സിങ് റാണയുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് റാണയ്ക്കൊപ്പമുണ്ടായിരുന്ന, രക്ഷപെട്ട എന്‍ജിനീയറെ സ്ഥലത്ത് എത്തിച്ചിരുന്നു. എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് പുഴയോട് ചേര്‍ന്ന കുളത്തിലാണ് റാണയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ മണ്ണിടിച്ചിലിൽ കാണാതായ മുഴുവൻ പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടു ദിവസമായി ബിക്രം സിന്ദ് റാണയ്ക്കു വേണ്ടി മാത്രമായിരുന്നു തിരച്ചിൽ. രാവിലെ എട്ടുമണിയോടെ പുനരാരഭിച്ച തിരച്ചിലിൽ മീനാക്ഷി പാലത്തിൽ നിന്ന് 300 മീറ്റർ അകലെ പുഴയോട് ചേർന്നുള്ള കുളത്തിൽ നിന്നാണ് റാണയുടെ മൃതദേഹം കണ്ടെടുന്നത്. തുടർന്ന് അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും ചേർന്ന് പുറത്തെടുത്തു.
കാണാതായ അഞ്ചുപേരെയും കണ്ടെടുത്ത സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയും പുഴയിലെ ഒഴുക്കുമാണ് തിരച്ചിൽ ആറ് ദിവസംവരെ നീളാൻ കാരണമായത്. തുരങ്കപാത നിർമ്മാണത്തിനായി സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന ശേഷിച്ച മണ്ണ് സുരക്ഷിതമായി എങ്ങനെ നീക്കാമെന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അടുത്ത ദിവസം സ്ഥലം സന്ദർശിക്കും