ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. മേഖലയിലെ യുഎസ് ഇടപെടല്‍ പൂര്‍ണമായും അവസാനിപ്പിക്കുംവരെ കടലിടുക്ക് അടച്ചിടുമെന്നാണ് പുതിയ പ്രഖ്യാപനം. നിര്‍ദേശം ലംഘിച്ച കപ്പലിനുനേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തെന്നും ഇറാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിസമാപ്തി പ്രതീക്ഷിച്ച ലോകരാഷ്ട്രങ്ങള്‍ വീണ്ടും ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 

ഇറാന്‍ നടപടിക്ക് പിന്നാലെ പുതിയഘട്ട ആക്രമണ പരമ്പരകള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുകയാണെന്ന് യുഎസ് വ്യക്തമാക്കി. തിരിച്ചടിച്ചാല്‍ കടുത്ത നടപടിയെന്ന് ഇറാനും പ്രഖ്യാപിച്ചു. ഇതോടെ യുദ്ധം പുതിയ തലത്തിലേക്ക് കടന്നേക്കാമെന്നാണ് നിരീക്ഷണം. 

മുന്‍പ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത് അബദ്ധത്തിലാണെന്ന് ഇറാന്‍ ട്രംപിനെ അറിയിച്ചിരിന്നു. യുഎസ് അധികൃതരുടെ പ്രസ്താവന സിബിഎസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കിടെ വാണിജ്യ കപ്പലുകള്‍ക്കെതിരെ ഇറാന്‍ വെടിയുതിര്‍ത്തത് കനത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. 

ഇതിനിടെ ഇറാന്‍റെ പുതിയ നേതാവ് മൊജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സഹായിയടക്കം 14 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു നടപടി. ധാരണാപത്രം ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം അബദ്ധത്തിലായിരുന്നെന്ന് ഇറാന്‍ വ്യക്തമാക്കിയത്. എന്നാല്‍ നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. 

ഇറാന്‍റെ അഭ്യർഥനപ്രകാരം ചർച്ചകൾ തുടരാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ടെന്ന്  ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രം യുഎസ് ലംഘിച്ചാൽ സർവ സന്നാഹങ്ങളോടെയുള്ള പ്രതിരോധത്തിന് തയ്യാറാണെന്ന് ഇറാനും വ്യക്തമാക്കി. ടെഹ്‌റാന്‍റെ കീഴടങ്ങലിൽ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്‍റെ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഖർ ഖാലിബാഫ് ടെലിഗ്രാമിൽ കുറിച്ചു.

ENGLISH SUMMARY:

Iran has closed the Strait of Hormuz again, raising concerns about global oil prices and escalating Middle East tensions. This action follows an attack on a US vessel, prompting further warnings from both Iran and the US about potential military responses.