ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനെ കാണാതായി. പതിനൊന്ന് ഇന്ത്യന്‍ പൗരന്‍മാരാണ് കപ്പലിലെ ജീവനക്കാരിലുണ്ടായിരുന്നത്. പത്തു പേരെ രക്ഷിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജിഎഫ്എസ് ഗാലക്സിക്ക് നേരെയായിരുന്നു ഒമാന്‍ തീരത്തിനടുത്ത് ആക്രമണം. 

ചരക്ക് കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രണത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. കപ്പലിന്‍റെ എന്‍ജിന്‍ റൂമടക്കം തീപിടിത്തത്തില്‍ കത്തി നശിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികാരികളുമായി ചേർന്ന് എംബസി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഒമാന്റെ സഹകരണത്തിന് വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു.

വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. ആക്രമണത്തിൽ ഖത്തറിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:

An Indian sailor is missing after an Iranian attack on a ship attempting to pass through the Strait of Hormuz, with the Foreign Ministry confirming 11 Indian nationals were on board and 10 have been rescued. The attack on the GFS Constellation near the Omani coast, which caused a fire in the engine room, has been condemned by the Ministry as cargo ships face ongoing assaults.