കയറിയും ഇറങ്ങിയും രാജ്യാന്തര വില ചാഞ്ചാടുമ്പോള്‍ കേരളത്തിലെ സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ? പവന് 1,07,920 രൂപ വരെ താഴ്ന്ന് പ്രതീക്ഷ നല്‍കിയ ശേഷം സ്വര്‍ണ വില ചാഞ്ചാടുകയാണ്. ഇന്ന് രാവിലെ പവന് 3,680 കുറഞ്ഞ് 1,13,240 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും സ്വാധീനിക്കുന്നത്. 

ചാഞ്ചാടിയാടി സ്വര്‍ണവില! രാവിലെ 3680 രൂപ കുറഞ്ഞു; ഇനി ഉച്ചയ്ക്ക് കൂടുമോ? 

രാവിലെ 5,000 ഡോളര്‍ കടന്ന സ്വര്‍ണ വില 4,870 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഈ കയറ്റിറക്കങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില എവിടെ എത്തി നില്‍ക്കും, പരിശോധിക്കാം.

 

കണ്ടത് വലിയ ഇടിവ്

 

ജനുവരി 30 തിന് വലിയ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. 9.8 ശതമാനം ഇടിഞ്ഞ് 1983 ന് ശേഷമുള്ള വലിയ ഇടിവ് രേഖപ്പെടുത്തി. ജനുവരി 29 ന് രേഖപ്പെടുത്തിയ 5,594.82 ഡോളറില്‍ നിന്നും 900 ഡോളറിന്‍റെ ഇടിവുണ്ടായി. ഫെബ്രുവരി രണ്ടിന് 4423 ഡോളര്‍ വരെ സ്വര്‍ണ വില താഴ്ന്നു. ഇവിടെ നിന്നാണ് വീണ്ടും 5,000 ഡോളര്‍ മറികടന്നതും ഇടിയുന്നതും. 

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ 'പെട്ടു'; നികുതി ഇളവ് പിന്‍വലിച്ച് കേന്ദ്രം; നഷ്ടം ആര്‍ക്കൊക്കെ?

ഡോളര്‍ ശക്തമാകുന്നതും രാജ്യാന്തര സംഘര്‍ഷങ്ങള്‍ അയയുന്നതും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയ്ക്കുന്നു. ഡോളര്‍ സൂചിക രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇത് ഡോളറില്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തെ വിദേശനിക്ഷേപകര്‍ക്ക് ചെലവേറിയതാക്കും. യു.എസ്–ഇറാന്‍ സംഘര്‍ഷം ഒഴിവാകുന്നതിന്‍റെ സൂചനകളും ഡിമാന്‍ഡ് കുറയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച ഒമാനില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും. ആണവസംഘര്‍ഷത്തിന്‍റെ സാധ്യത ഇല്ലാതാകുന്നത് സ്വര്‍ണ വില കുറയാന്‍ കാരണമാണ്. ചൈനയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതും സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറയ്ക്കുന്നു. 

 

ഇനി വില എങ്ങോട്ട്?

 

ചാഞ്ചാട്ടത്തിന്‍റെ കാലത്ത് സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക് എത്തിയേക്കാം പ്രതീക്ഷ. ബ്ലൂംബെര്‍ഗ് ഇന്‍റലിജന്‍സിലെ സീനിയര്‍ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ മൈക്ക് മക്ഗ്ലോന്‍റെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണ വില 4000 ഡോളറിലെത്തുമെന്നാണ്. സ്വര്‍ണ വില 4000 ഡോളറിലേക്ക് താഴുമെങ്കില്‍ കേരളത്തില്‍ വില ഒരു ലക്ഷത്തിന് താഴെ എത്തും. അതേസമയം, വിപണിയിലെ മുന്നേറ്റം സ്വര്‍ണ വില ഔൺസിന് 6,000 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 

 

സമാന നിരീക്ഷണം ജെപി മോര്‍ഗാനും പങ്കുവയ്ക്കുന്നു. 2026 ന്‍റെ അവസാനത്തോടെ 6300 ഡോളറിലെത്തുമെന്നാണ് ജെപി മോര്‍ഗാന്‍ നിരീക്ഷിക്കുന്നത്. കേന്ദ്ര ബാങ്കില്‍ നിന്നും നിക്ഷേപകരില്‍ നിന്നുമുള്ള ഡിമാന്‍ഡ് സ്വര്‍ണത്തെ മുന്നോട്ട് ചലിപ്പിക്കും. 2026 ല്‍ കേന്ദ്ര ബാങ്കുകള്‍ 800 ടണ്‍ സ്വര്‍ണ ശേഖരം വാങ്ങുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Fluctuating gold prices in Kerala, with expectations of the price per sovereign potentially falling below one lakh rupees. This analysis is driven by international market movements and expert predictions.