സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതിയില്‍ വ്യക്തത വരുത്തി കേന്ദ്ര ബജറ്റ്. സ്വര്‍ണ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്ന സമയത്ത് സബ്സ്ക്രൈബ് ചെയ്ത നിക്ഷേപകര്‍ക്ക് മാത്രമെ പൂര്‍ണമായ നികുതി ഇളവ് ലഭിക്കുകയുള്ളൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിയവരാണെങ്കില്‍ കാലാവധി വരെ നിക്ഷേപം തുടര്‍ന്നാലും മൂലധന നേട്ട നികുതി നല്‍കേണ്ടി വരും.
നിലവില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു ഇല്ലാത്തതിനാല്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയവര്‍ക്ക് പുതിയ നിര്‍ദ്ദേശം തിരിച്ചടിയാകും. ആര്‍ബിഐ ബോണ്ട് ഇഷ്യു ചെയ്യുന്ന സമയത്ത് ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്നിവ വഴി ഗോള്‍ഡ് ബോണ്ട് വാങ്ങിയവരാണ് പ്രൈമറി സബ്സ്ക്രൈബേഴ്സായി കണക്കാക്കുക. ഇവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിയവര്‍ക്കാണ് തിരിച്ചടി. 2026 ഏപ്രില്‍ ഒന്നു മുതലാണ് ഈ വ്യവസ്ഥ ബാധകമാകുക.
നേരത്തെ, സോവറിന്‍ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം കാലാവധി വരെ തുടര്‍ന്നാല്‍ മൂലധനനേട്ടത്തിന് പൂര്‍ണമായും നികുതി ഇളവ് ലഭിക്കുമായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം, സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ബോണ്ട് വാങ്ങിയവര്‍ മൂലധന നേട്ടനികുതി നിരക്ക് പ്രകാരം നികുതി നല്‍കണം. 12 മാസത്തില്‍ കൂടുതല്‍ കാലം നിക്ഷേപം നടത്തിയ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍ക്കുമ്പോള്‍ 12.50 ശതമാനമാണ് മൂലധന നേട്ടനികുതി. 12 മാസത്തിന് മുന്‍പ് വില്‍പ്പന നടത്തിയാല്‍ സ്ലാബ് റേറ്റ് അടിസ്ഥാനമാക്കി നികുതി നല്‍കണം.
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് ലഭിക്കുന്ന 2.50 ശതമാനം പലിശയ്ക്ക് നിലവിലെ നികുതി പ്രകാരം എല്ലാ വിഭാഗം നിക്ഷേപകരും നികുതി നല്‍കണം.
സ്വർണത്തിന്‍റെ ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. സ്വർണ വില വലിയ മുന്നേറ്റമുണ്ടാക്കിയതോടെ ബോണ്ടുകള്‍ സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ 2024 ഫെബ്രുവരിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു ചെയ്തിട്ടില്ല.