AI Generated Image
യു.എസ്- ഇറാന്‍ സംഘര്‍ഷം പുനരാരംഭിച്ചതിന് പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,100 രൂപയാണ് ഇന്നത്തെ വില. പവന് 1040 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 1,04,800 രൂപ നല്‍കണം. കഴിഞ്ഞാഴ്ചയിലെ ചാഞ്ചാട്ടത്തിനു ശേഷമാണ് സ്വര്‍ണ വില ഇന്ന് കുറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് സൂചന
സംഘര്‍ഷത്തിന് പിന്നാലെ ഹോര്‍മുസ് അടയ്ക്കുന്ന പേടിയില്‍ ക്രൂഡ് ഓയില്‍ വില നാലു ശതമാനത്തിലധികം വര്‍ധിച്ചതോടെയാണ് സ്വര്‍ണം ഇടിഞ്ഞത്. ഒരു ശതമാനം കുറഞ്ഞ് രാജ്യാന്തര വില 4,072.78 ഡോളറിലാണ്. ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയാണ് ഇതിന് അടിസ്ഥാനം. യു.എസിലെ അടിസ്ഥാന പലിശ നിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ നേട്ടത്തിലാണ്. ഇത് സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറച്ചു.
ഈ ആഴ്ചയില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി സംഭവങ്ങള്‍ കാത്തിരിക്കുന്നുണ്ട്. യുഎസ് ഫെഡ് ചെയർമാൻ കെവിൻ വാർഷ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. പലിശയുടെ ദിശ, പണപ്പെരുപ്പം എന്നിവ സംബന്ധിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ സ്വര്‍ണ വിലയ്ക്ക് നിര്‍ണായകമാകും. യു.എസിലെ പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നത് പലിശ നിരക്കിന്‍റെ ഗതി നിര്‍ണയിക്കും. ഇവ ഈ ആഴ്ചയില്‍ സ്വര്‍ണത്തിന്‍റെ വിലയെ സ്വാധീനിക്കും.
രാജ്യാന്തര സ്വര്‍ണ വിലയ്ക്ക് 4074 ഡോളറിലും 4040 ഡോളറിലുമാണ് പിന്തുണ. ഇതിന് താഴേക്ക് പോവുകയാണെങ്കില്‍ സ്വര്‍ണ വില കൂടുതല്‍ ഇടിയാം എന്നാണ് വിശകലന വിദഗ്ധരുടെ അനുമാനം. തിരികെ കയറുകയാണെങ്കില്‍ ആദ്യ പ്രതിരോധം 4144 ഡോളറാകും.