മധ്യസ്ഥർ വഴിയുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ യുഎസിനും സഖ്യകക്ഷികൾക്കുമെതിരെ വിനാശകരമായ പ്രത്യാക്രമണം അഴിച്ചുവിടാൻ തയാറാണെന്ന് ഇറാന്‍റെ മുന്നറിയിപ്പ്.

യുഎൻ പൊതുസഭയ്ക്ക് ശേഷം തിരിച്ചെത്തിയ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍ സൈനിക നേതൃത്വവുമായി തിരിച്ചടി പദ്ധതികൾ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടെ, ഒമാൻ തീരത്ത് കപ്പലുകൾക്കിടയിൽ ഇന്ധനം മാറ്റുന്നതിനിടെ അഡ്നോക് നിയന്ത്രണത്തിലുള്ളവ ഉള്‍പ്പടെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണം ഉണ്ടായി.

യുഎസ് ആക്രമണത്തിന് മുതിർന്നാൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ കനത്ത പ്രത്യാക്രമണം നടത്താനാണ് ഇറാന്‍റെ നീക്കം. യുഎൻ പൊതുസഭ കഴിഞ്ഞെത്തിയ പ്രസിഡന്‍റ് മസൂദ് പെസഷ്ക്യാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി പദ്ധതികൾ വിലയിരുത്തി. എന്നാൽ ചർച്ചകളിൽ നിന്ന് ഇറാൻ ഒളിച്ചോടില്ലെന്ന് പെസഷ്ക്യാൻ വ്യക്തമാക്കി.

അതേസമയം, ഖത്തറും ഒമാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ നിർണായക ഘട്ടത്തിലാണ്.ഇതിനിടെ, ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനയി പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു. ആക്രമണങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ഇറാൻ, ഇറാഖിൽ നിന്നുള്ള യുഎസ് സൈന്യത്തിന്‍റെ പിന്മാറ്റത്തെ ചരിത്രപരമായ വിജയമെന്നാണ് വിശേഷിപ്പിച്ചത്.

മറുഭാഗത്ത് യുദ്ധഭീതി ഇരട്ടിയാക്കി ഒമാൻ തീരത്ത് മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണമുണ്ടായി.

അൽ റുവൈസിൽ നിന്നുള്ള ഡീസലുമായി എത്തിയ ഒരു ടാങ്കറും, ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിലും സൗദിയിലെ ജുബൈലിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളും വഹിച്ച മറ്റു രണ്ട് കപ്പലുകളുമാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ രണ്ടെണ്ണം അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ് നിയന്ത്രിക്കുന്നവയാണ്. ആക്രമണത്തിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

Iran US tensions are escalating following failed diplomatic efforts, with Iran warning of a devastating counterattack if attacked.: