ഖെഷം ദ്വീപും ഇറാന് മിസൈല്‍ വിക്ഷേപണ കേന്ദ്രവും അമേരിക്ക ആക്രമിച്ചതിനു പിന്നാലെ ബഹറൈനിലും കുവൈത്തിലും ഇറാന്റെ ഭീഷണി. കുവൈത്തിലെയും ബഹറൈനിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന് അവകാശപ്പെട്ടു. അതേസമയം, വാഷിങ്ടണില്‍ ഇറാന് ഡര്‍ട്ടി ബോംബ് ആക്രമണം നടത്തുമെന്ന വാര്‍ത്ത പ്രതിരോധ സെക്രട്ടറി നിഷേധിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും അമേരിക്കയും ഇറാനും ആക്രമണങ്ങള്‍ തുടരുകയാണ്. ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിലുള്ള യുഎസ് സൈനിക റഡാർ സംവിധാനത്തിന് നേരെ ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. യുഎസ് ഡ്രോണുകൾ ഇറാൻ വ്യോമപരിധി ലംഘിക്കുന്നതാണ് പ്രകോപനത്തിന് കാരണം. കുവൈത്തിലെ അലി അൽ സലേം താവളത്തിലുള്ള യുഎസ് ഡ്രോൺ, മിസൈൽ നിലയങ്ങളെ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. ആക്രമണം തടഞ്ഞതായി കുവൈത്തും ബഹ്റൈനും അറിയിച്ചു.
റിയാദ് ലക്ഷ്യമാക്കി വന്ന ക്രൂസ് മിസൈല്‍ തടഞ്ഞതായി അവകാശപ്പെട്ട സൗദി യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. വാഷിങ്ടണില്‍ ഇറാന് ഡര്‍ട്ടി ബോംബ് ഇടുമെന്ന സിഎന്‍എന്‍ വാര്‍ത്ത ഇറാനും മാര്‍ക് റുബിയോയും നിഷേധിച്ചു. വാര്‍ത്ത ഗൗരവതരമെന്നും ഇറാന് എന്തും ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. അണുബോംബ് അല്ലെങ്കിലും ആണവവികിരണം നടത്താന്‍ ഡര്‍ട്ടി ബോംബിനു കഴിയും. ഡൈനമിറ്റ് പോലുള്ള സ്ഫോടനവസ്തുക്കള്‍ ഉപയോഗിച്ച് ആണവവികിരണം നടത്താന്‍ ശേഷിയുള്ള പദാര്‍ഥങ്ങള്‍ വ്യാപിപ്പിക്കും. ആള്നാശമല്ല ഭീതി പരത്തലാണ് പ്രധാനലക്ഷ്യം.