കേരളത്തിലെ സ്വർണ വില കുറയുന്നതാണ് സമീപകാലത്തെ ട്രെൻഡ്. ജനുവരി 29 തിന് 1,31,160 രൂപയിലായിരുന്നു സ്വർണ വില. ഇന്നത്തെ വില 1,04,720 രൂപ. വിലയിലുണ്ടായ കുറവ്  26440 രൂപ. വില കുത്തനെ കുറയുമ്പോൾ സ്വർണം പണയം വച്ചവരാണ് ആശങ്കയിലാകുന്നത്. വില കൂടിയ സമയത്ത് സ്വർണം പണയം വെച്ച് വലിയ തുക വായ്പയെടുത്തവരോട് വില കുറയുമ്പോൾ കമ്പനികൾ കൂടുതൽ സ്വർണം പണയം വെയ്ക്കാൻ ആവശ്യപ്പെട്ടേക്കാം. വില കുറയുമ്പോൾ പണയം വെച്ചതിന്റെ മാർജിൻ ആവശ്യമായതിലും താഴെയാകുന്നതിനാലാണിത്. 

പണയം വെച്ച സ്വർണത്തിൻറെ മൂല്യം കുറയുന്നതും ലോൺ ടു വാല്യു റേഷ്യോ കൂടുന്നതുമാണ് ഈ സമയത്ത് പണയം വച്ചവർക്ക് തിരിച്ചടിയാകുന്നത്. സ്വർണം പണയം വെയ്ക്കുമ്പോൾ റിസർവ് ബാങ്കിന്റെ എൽടിവി (ലോൺ ടു വാല്യു) ചട്ടപ്രകാരമാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുക. 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് 85 ശതമാനമാണ് എൽടിവി. അതായത് സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെയാണ് വായ്പ ലഭിക്കുക. 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള വായ്പകൾക്ക് 80 ശതമാനവും അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75 ശതമാനവുമാണ് എൽടിവി പരിധി. 

സ്വർണത്തിന്റെ വില കുറയുമ്പോൾ എൽടിവി മൂല്യം കൂടുന്നതാണ് പ്രതിസന്ധി. ഉദാഹരണമായി ഇത് വിശദീകരിക്കാം. നേരത്തെ ഒരു ലക്ഷം രൂപയുടെ സ്വർണം പണയം വെച്ച് 75,000 രൂപ വായ്പയെടുത്തു എന്നു കരുതാം(എൽടിവി 75%). സ്വർണ വില 85,000 രൂപയായി കുറഞ്ഞാൽ വായ്പ തുക മാറ്റമില്ലാതെ 75,000 ആയിത്തന്നെ തുടരും. ഈ സമയം പുതിയ എൽടിവി 88.2 ശതമാനം ആയി ഉയരും. ലോൺ ടു വാല്യു 75 ശതമാനാമയി നിലനിർത്താൻ വായ്പയെടുത്ത ആളുകളോട് ഒന്നുകിൽ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ അല്ലെങ്കിൽ കൂടുതൽ ഈട് നൽകാനോ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടും. ഇതിനെ മാർജിൻ കോൾ എന്നാണ് വിളിക്കുന്നത്. 

ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്ന ബുള്ളറ്റ് പെയ്മെന്റ് വായ്പകൾക്കാണ് പ്രധാനമായും ഇത് തിരിച്ചടിയാകുന്നത്.  പ്രതിമാസ തവണകൾക്ക് പകരം വായ്പ കാലാവധിയുടെ അവസാനം തുകയും പലിശയും ചേർത്ത് ഒറ്റത്തവണയായി വായ്പ അടച്ചുതീർക്കുന്നത് ഇതിലെ രീതി.  എന്നാൽ ഇ.എം.ഐ രീതിയിൽ തിരിച്ചടയ്ക്കുന്ന വായ്പകൾ സുരക്ഷിതമാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് പല ധനകാര്യ സ്ഥാപനങ്ങളും ശരാശരി എൽടിവി നിരക്കുകൾ ആർബിഐ നിശ്ചയിച്ച പരിധിയേക്കാൾ വളരെ താഴെയാണ് നിലനിർത്തുന്നത്. എന്നാൽ സ്വർണ വിലയിൽ വലിയ ഇടിവ് വരുമ്പോൾ വായ്പയെടുത്തവർ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. 

ENGLISH SUMMARY:

The recent trend in Kerala's market shows a sharp decline in gold prices, dropping from ₹1,31,160 on January 29 to ₹1,04,720 today, a significant decrease of ₹26,440. This steep fall raises serious concerns for individuals who pledged their gold when prices were high, as non-banking financial companies (NBFCs) may now trigger a "margin call" to maintain the Loan-to-Value (LTV) ratio. As the asset's value depreciates, the effective LTV exceeds the RBI's permitted thresholds, forcing borrowers to either repay a portion of the loan or pledge additional gold as collateral. While Equated Monthly Izntallment (EMI) based loans remain relatively safer, borrowers opting for short-term bullet repayment schemes face the highest financial risk during such massive market corrections.