സ്വര്‍ണം വാങ്ങാന്‍ ഇതിലും നല്ല സമയം വേറെയുണ്ടോ? ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില താഴേക്കിറങ്ങുന്നത് തുടരുകയാണ്. ഇന്നലെ വന്‍ ഇടിവ് രേഖപ്പെടുത്തിയ വില ഇന്ന് രാവിലെയും കുറഞ്ഞു, പിന്നാലെ ഉച്ചയ്ക്കും. ഇതോടെ ഇന്ന് മാത്രം 9000 ല്‍ അധികം രൂപയാണ് പവന് കുറഞ്ഞത്. ഇക്കണക്കിന് പോയാല്‍ സ്വര്‍ണം ലക്ഷത്തിന് താഴെപോകുമോ എന്ന ചിന്തയും ഉപഭോക്താക്കളിലുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോ എന്ന ആശങ്കയിലാണ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരും.
ഇന്ന് (തിങ്കളാഴ്ച) രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞത്. ഒരു പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നുമാത്രം ആകെ 9,840 രൂപ കുറഞ്ഞു. പവന് 1,07,920 രൂപയിലാണ് ഉച്ചയ്ക്ക് വ്യാപാരം. ഗ്രാമിന് രാവിലെ 830 രൂപയും ഉച്ചയ്ക്ക് 400 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് മാത്രം ഗ്രാമിന് കുറഞ്ഞത് 1,230 രൂപയാണ്. 13490 രൂപയാണ് ഉച്ചയ്ക്ക് ഒരുഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. പിറ്റേ ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് രണ്ട് തവണയായി 9,840 രൂപ കുറഞ്ഞതോടെ നാലു ദിവസം കൊണ്ട് 23,240 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്.
രാജ്യാന്തര വില ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചലിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കെവിൻ വാർഷിനെ യുഎസ് ഫെഡ് ചെയർമാനായി തിരഞ്ഞെടുത്തതിന് ശേഷമാണ് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിൽ നിന്ന് താഴാൻ തുടങ്ങിയത്. മുൻ ചെയർമാന്മാരേക്കാൾ കെവിന്‍ വാര്‍ഷ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഡോളറിനെ കരുത്തുറ്റതാക്കുന്നത്. ഇത് ഡോളറില്‍ വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറയ്ക്കും.
സ്വര്‍ണം വാങ്ങാന്‍ ഇതാണോ നല്ല സമയം അതോ ഇനിയും കാത്തിരിക്കേണമോ എന്ന ആശങ്ക ഉപഭോക്താക്കളിലുണ്ട്. നിലവിലെ ഇടിവ് തുടര്‍ന്നാല്‍ ചിലപ്പോള്‍ നാളെ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വര്‍ണം ഉടന്‍ തിരിച്ചു കയറിയേക്കുമെന്നും എന്നും അവകാശപ്പെടുന്നവരുമുണ്ട്.