ഇത്രയും കാലം സ്വര്‍ണ വില കയറ്റിയത് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനങ്ങളായിരുന്നു. താരിഫ് മുതല്‍ ഇറാന്‍ യുദ്ധപ്രഖ്യാപനം വരെ നടത്തി ട്രംപ് സ്വര്‍ണ വിലയെ കത്തിച്ചു. ഇന്നലെ ട്രംപ് എടുത്ത മറ്റൊരു തീരുമാനം സ്വര്‍ണ വിലയെ വലിച്ചു താഴെയിട്ടു. വെള്ളിയാഴ്ചയാണ് യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ പുതിയ ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ ചരിത്രത്തിലെ തന്നെ വലിയ ഇടിവിലേക്ക് സ്വര്‍ണവും വെള്ളിയും എത്തി.
വമ്പന്‍ ഇടിവില്‍ സ്വര്‍ണം
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,889.40 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 9.50 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ് വ്യാഴാഴ്ച 5594.82 ഡോളറിലെത്തിയ ശേഷമായിരുന്നു സ്വര്‍ണ വില താഴോട്ടിറങ്ങിയത്. 1983 ന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന ഇടിവാണിത്. അതേസമയം, ഏകദേശം 30 ശതമാനം ഇടിഞ്ഞ് 85.15 ഡോളറിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിക്ക് ചരിത്രത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ. വ്യാഴാഴ്ച 121.64 ഡോളറിലെത്തിയ ശേഷമാണ് വെള്ളിയുടെ ഇടിവ്.
Also Read: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! പവന് കുറഞ്ഞത് 6000ത്തിലേറെ
ഡോളര്‍ സൂചിക 0.7 ശതമാനം മുന്നേറി. നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ഡോളര്‍ തിരിച്ചുകയറിയത്. ഇതോടെ വിദേശ വാങ്ങുന്നവർക്ക് സ്വർണം കൂടുതൽ ചെലവേറിയതായി. ഇതിനെല്ലാം പിന്നില്‍ കെവിന്‍ വാർഷിന്‍റെ വരവാണ്. എന്തുകൊണ്ട് സ്വര്‍ണം ഈ പേരിനെ ഇത്ര ഭയപ്പെടുന്നത്.
കെവിന്‍ വാര്‍ഷിന്‍റെ നയങ്ങള്‍
ട്രംപിന്‍റെ കുറഞ്ഞ പലിശനിരക്കുകളെ അനുകൂലിക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക് പണമിറക്കുന്നതിന് ആശ്രയിക്കുന്ന നയങ്ങളോട് വിമുഖത കാട്ടുന്നയാളാണ് കെവിന്‍ വാര്‍ഷ്. 2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് ഫെഡറല്‍ റിസര്‍വിന്‍റെ ബോര്‍ഡ് ഓഫ് ഗവര്‍ണറില്‍ ഒരാളായിരുന്നു അദ്ദേഹം. മാന്ദ്യകാലത്ത് സമ്പദ്‍വ്യവസ്ഥയെ ഉണര്‍ത്താന്‍ വിപണിയിലേക്ക് പണം പമ്പ് ചെയ്യുന്ന (ക്വാന്‍ഡിറ്റേറ്റീവ് ഈസീങ്) രീതി ഫെഡ് ആദ്യം അവതരിപ്പിച്ചതും ഈ സമയത്താണ്. ഈരീതിക്ക് എതിരായിരുന്നു കെവിന്‍ വാര്‍ഷ്. ബോണ്ട് വാങ്ങുന്നത് പണപ്പെരുപ്പം വര്‍ധിക്കുമെന്നും വിപണിയെ തകര്‍ക്കും എന്നുമായിരുന്നു കെവിന്‍ വാഷിന്‍റെ നിലപാട്. ഇതോടെ ഹോക്കിഷ് (വിലക്കയറ്റം തടയുന്നതിനായി പലിശ നിരക്ക് വർദ്ധിപ്പിക്കണം) നിലപാടുകാരനായാണ് കെവിന്‍ വാഷ് അറിയപ്പെടുന്നത്.
സ്വര്‍ണത്തിന് തിരിച്ചടി
ഉയർന്ന പലിശ നിരക്കുകളും ശക്തമായ ഡോളറും സാധാരണയായി സ്വര്‍ണത്തിന്‍റെ വില കുറയാന്‍ കാരണമാകും. ഡോളർ ദുർബലമാകുന്ന സമയത്താണ് സ്വര്‍ണം മികച്ച പ്രകടനം നടത്തുന്നത്. ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പലിശ നിരക്ക് കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നൊരാളെ നിയമിക്കും എന്നാണ് മാസങ്ങളായി വിപണി പ്രതീക്ഷിച്ചിരുന്നത്. വാര്‍ഷിന്‍റെ വരവ് ഇതിന് വിരുദ്ധമായി. ഇതോടെ സ്വര്‍ണം, വെള്ളി വിപണികള്‍ തകര്‍ന്നു.
നിലവിലെ ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന് മേയ് മാസം വരെ കാലാവധിയുണ്ട്. ഇതിന് ശേഷം വാര്‍ഷ് സ്ഥാനമേല്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷ് സ്ഥാനമേറ്റെടുത്ത ശേഷം തന്‍റെ പഴയനിലപാടുകള്‍ തുടരുകയാണെങ്കില്‍ ഇത് സ്വര്‍ണവിലയില്‍ വിലയൊരു വഴിത്തിരിവാകും. എന്നാല്‍ ട്രംപിനെ പിണക്കി അദ്ദേഹം മുന്നോട്ട് പോകില്ലെന്നും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നും വാദിക്കുന്ന വിഭാഗവുമുണ്ട്. അങ്ങനെയെങ്കില്‍ പലിശ നിരക്ക് കുറയുന്ന ഘട്ടത്തില്‍ സ്വര്‍ണ വിലയും മുന്നേറും.