ചരക്കു സേവന നികുതി യുക്തിസഹമാക്കുന്നതിന്‍റെ ഭാഗമായി സ്ലാബുകള്‍ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കി നിലവിലെ നാല് സ്ലാബുകളെന്നത് മൂന്നായി ചുരുക്കും. 12 ശതമാനം നിരക്കിന് പ്രസക്തിയില്ലെന്ന് നിരക്ക് യുക്തിസഹമാക്കുന്നതിനുള്ള മന്ത്രിതല സമിതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥരും വിദഗ്ധരടങ്ങുന്ന സംഘം വിലയിരുത്തി.
Also Read: വീസയെ കടത്തി വെട്ടാന്‍ യുപിഐ; പ്രതിദിനം 64 കോടിയിലേറെ ഇടപാടുകള്‍
12 ശതമാനം നികുതിയില്‍ വരുന്ന ഉത്പ്പന്നങ്ങള്‍ അഞ്ച് ശതമാനത്തിലേക്കോ 18 ശതമാനത്തിലേക്കോ മാറ്റും. 12 ശതമാനം നിരക്ക് ഒഴിവാക്കാനുളള തീരുമനത്തെ മിക്ക സംസ്ഥാനങ്ങളും പിന്തുണച്ചു എന്നാണ് വിവരം. ജിഎസ്ടിയിലെ മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബുകള്‍.
12 ശതമാനം നികുതി സ്ലാബുകളിൽ വരുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നികുതി സ്ലാബിലേക്ക് വരുമ്പോള്‍ വില കുറയാനുള്ള സാധ്യതയുണ്ട്. കണ്ടൻസ്ഡ് മിൽക്ക്, 20 ലിറ്റർ കുപ്പിവെള്ളം, വാക്കി ടോക്കി, ടാങ്കുകൾ, മറ്റ് കവചിത യുദ്ധ വാഹനങ്ങൾ, കോൺടാക്റ്റ് ലെൻസ്, ചീസ്, ഈത്തപ്പഴം, ഉണക്കിയ പഴങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, സോസേജുകൾ, പാസ്ത, ജാം, കറി പേസ്റ്റ്, മയോണൈസ്, ടൂത്ത് പൗഡർ, ഫീഡിങ് ബോട്ടിലുകൾ, കുടകൾ, തൊപ്പികൾ, സൈക്കിളുകൾ, ചണം അല്ലെങ്കിൽ മരം കൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ, പെൻസിലുകൾ, ക്രയോണുകൾ, ഹാൻഡ്‌ബാഗുകൾ, ഷോപ്പിങ് ബാഗുകൾ, 1,000 രൂപയിൽ താഴെ വിലയുള്ള പാദരക്ഷകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ എന്നിവയാണ് 12 ശതമാനം നിരക്ക് ഈടാക്കുന്നവ.
ദിവസം 7,500 രൂപ വരെ ചെലവ് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടല്‍ മുറികള്‍, നോണ്‍-ഇക്കണോമി ക്ലാസുകളിലെ വിമാനയാത്രകള്‍ എന്നി സേവനങ്ങള്‍ക്കും നിലവില്‍ 12 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുക്കുമെന്നാണ് വിവരം. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ജിസ്ടി കൗണ്‍സില്‍ യോഗം നടക്കേണ്ടത്. ഡിസംബറിലാണ് ജിഎസ്ടി കൗണ്‍സിലിന്‍റെ അവസന യോഗം ചേര്‍ന്നത്.