cigarette

TOPICS COVERED

പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും അടുത്തമാസം വിലകൂടും.  ഫെബ്രുവരി ഒന്നു മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് എക്സൈസ് ഡ്യൂട്ടി ഈടാക്കും. 1000 സ്റ്റിക്ക് വരുന്ന സിഗരറ്റിന് 2050-8500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി ഈടാക്കുക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ സിഗരറ്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. 

Also Read: 18 രൂപയുടെ സിഗരറ്റിന് 72 രൂപയാകുമോ? ഇനി വലിയ വില കൊടുക്കേണ്ടി വരും! മാറ്റം ഇങ്ങനെ

നിലവില്‍ അഞ്ച് ശതമാനം മൂല്യവർധിത നഷ്ടപരിഹാര സെസും മറ്റു സെസുകളും സഹിതം 2,076 രൂപ മുതല്‍ 3,668 രൂപ വരെയാണ് 1000 സ്റ്റിക്ക് സിഗരറ്റുകള്‍ക്ക് നികുതി. ഇവ നീളം അനുസരിച്ച് വ്യത്യാസപ്പെടും. ജിഎസ്ടിക്ക് മുകളിലാണ് ഈ നികുതി. ഫെബ്രുവരി ഒന്നു മുതല്‍ നഷ്ടപരിഹാര സെസ് അവസാനിപ്പിച്ച്  പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടിയും പുതുക്കിയ എക്സൈസ് ഡ്യൂട്ടിയുമാണ് ബാധകമാകുക. ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനാണ് നഷ്ടപരിഹാര സെസ് ആദ്യം അവതരിപ്പിച്ചത്.

എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത് കമ്പനികള്‍ക്ക് സിഗരറ്റ് വില ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാക്കും. ഇത് വില്‍പ്പനയെ ബാധിക്കുമെന്നതിനാല്‍ സിഗരറ്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഗോൾഡ് ഫ്ലേക്ക്, ക്ലാസിക് സിഗരറ്റുകൾ എന്നിവയുടെ നിർമാതാക്കളായ ഐടിസിയുടെ ഓഹരി വില ഒന്‍പത് ശതമാനമാണ് ഇടിഞ്ഞത്. രാവിലെ 402 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി 365.10 രൂപയിലേക്ക് വീണു. 

ഇന്ത്യയിലെ മാർൽബോറോ സിഗരറ്റുകളുടെ വിതരണക്കാരായ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ ഓഹരി വില 17.32 ശതമാനം ഇടിഞ്ഞു. 2750 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി 2288.40 രൂപയിലാണ് നിലവില്‍. നിഫ്റ്റി 50 സൂചികയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ഐടിസിയാണ്. 

വില കൂടുന്നത് എത്ര?

ഇന്ത്യയില്‍ നിലവില്‍ സിഗരറ്റിന് ഈടാക്കുന്ന വിലയില്‍ 53 ശതമാനം നികുതിയാണ്. എന്നാല്‍ ഉപയോഗം കുറയ്ക്കാന്‍ 75 ശതമാനം നികുതി വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നികുതി പ്രകാരം, 18 രൂപയുടെ സിഗരറ്റിന് 72 രൂപയിലേക്ക് എത്താമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്. എന്നാലിത് പൂര്‍ണമായും ശരിയല്ല.

ഫെബ്രുവരി ഒന്നോടെ ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിക്കും. ഈ വരുമാന നഷ്ടം നികത്താനാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തുന്നത്. സെസ് കുറയുമ്പോൾ എക്സൈസ് ഡ്യൂട്ടി കൂടുന്നതിനാൽ മൊത്തം നികുതി ഭാരം വലിയ തോതിൽ മാറില്ല. ഫെബ്രുവരിയോടെയോ മാര്‍ച്ചോടെയോ എക്സൈസ് ഡ്യൂട്ടിയില്‍ അഞ്ചു ശതമാനം മാറ്റമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വിലയില്‍ അഞ്ചു ശതമാനം വര്‍ധനവുണ്ടാകും. 

അതായത് ഒന്നോ രണ്ടോ രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കമ്പനികള്‍ ഉയര്‍ന്ന വിലയുള്ള പ്രൈസ് സെന്‍സിറ്റീവ് അല്ലാത്ത ഉപഭോക്താക്കളുള്ള വിഭാഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് നഷ്ടം നികത്താന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Starting February 1, 2026, the Indian government will implement a new excise duty on tobacco products as the GST compensation cess expires. Cigarette manufacturing giants like ITC and Godfrey Phillips saw their shares crash by up to 17% following the announcement. While social media rumors suggest a massive price hike, experts anticipate a more moderate 5% increase in retail prices, translating to roughly ₹1–2 per stick. The move aims to maintain tax revenue while continuing efforts to curb tobacco consumption as per WHO guidelines.