സിഗരറ്റ് വലിക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും! കേന്ദ്ര സര്‍ക്കാറിന്‍റെ എക്സൈസ് ഭേദഗതി ബില്‍ പ്രകാരം, എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇനി മുതല്‍ സിഗരറ്റിന് വലിയ വില നല്‍കേണ്ടി വരും. പാര്‍ലമെന്‍റ് പാസാക്കിയ കേന്ദ്ര എക്സൈസ് ഭേദഗതി ബില്‍ 2025 പ്രകാരം, സിഗരറ്റിന്‍റെയും മറ്റു പുകയില ഉത്പ്പന്നങ്ങളുടെയും എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തും.
മാര്‍ച്ചില്‍ നഷ്ടപരിഹാര സെസ് അവസാനിച്ചതിനുശേഷം നികുതി വർധനവ് സംരക്ഷിക്കുന്നതിനായി പുകയിലയ്ക്കും പുകയില ഉൽപ്പന്നങ്ങൾക്കും എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നതിനാണ് ബിൽ അവതരിപ്പിച്ചത്. നിലവില്‍ അഞ്ച് ശതമാനം മൂല്യവർധിത നഷ്ടപരിഹാര സെസും മറ്റു സെസുകളും സഹിതം 2,076 രൂപ മുതല്‍ 3,668 രൂപ വരെയാണ് 1000 സ്റ്റിക്ക് സിഗരറ്റുകള്‍ക്ക് നികുതി. ഇവ നീളം അനുസരിച്ച് വ്യത്യാസപ്പെടും. ജിഎസ്ടിക്ക് മുകളിലാണ് ഈ നികുതി. നഷ്ടപരിഹാര സെസ് അവസാനിച്ചാല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടിയും പുതുക്കിയ എക്സൈസ് ഡ്യൂട്ടിയുമാണ് ബാധകമാകുക.
പുതിയ എക്സൈസ് ഡ്യൂട്ടി
പുതിയ നിരക്ക് പ്രകാരം നേരത്തെയുള്ള 200-735 രൂപ (1000 സിറ്റ്ക്ക് സിഗരറ്റിന്) എക്സൈസ് ഡ്യൂട്ടി 2700-11,000 രൂപയായി മാറും. ഇത് സിഗരറ്റിന്‍റെ വലുപ്പം അനുസരിച്ചായിരിക്കും. ഇതോടെ സിഗരറ്റിന്‍റെ ടാക്സ് ഇതിനുസരിച്ച് ഉയരും. ചവയ്ക്കുന്ന പുകയിലയ്ക്ക് 25 ശതമാനത്തില്‍ നിന്നും 100 ശതമാനമായി എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തും. ഗുഡ്ക, ഹുക്ക എന്നിവയ്ക്ക് 25 ല്‍ നിന്ന് 40 ശതമാനാകും. സിഗരറ്റുകള്‍ക്ക് 60 ശതമാനത്തില്‍ നിന്നും 325 ശതമാനത്തിലേക്ക് ഉയരും.
Also Read: സ്വർണവില ലക്ഷത്തിൽ എത്തിച്ചത് ആര്? 2026 ൽ പവന് 60,000 രൂപ! നടക്കുമോ സ്വപ്നം?
സിഗരറ്റ് വില കൂടുമോ?
ഇന്ത്യയില്‍ നിലവില്‍ സിഗരറ്റിന് ഈടാക്കുന്ന വിലയില്‍ 53 ശതമാനം നികുതിയാണ്. എന്നാല്‍ ഉപയോഗം കുറയ്ക്കാന്‍ 75 ശതമാനം നികുതി വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നികുതി പ്രകാരം, 18 രൂപയുടെ സിഗരറ്റിന് 72 രൂപയിലേക്ക് എത്താമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്. എന്നാലിത് പൂര്‍ണമായും ശരിയല്ല.
2026 മാര്‍ച്ചില്‍ ജിഎസ്ടി നഷ്ടപരിഹാര സെസ് അവസാനിക്കും. ഈ വരുമാന നഷ്ടം നികത്താനാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തുന്നത്. സെസ് കുറയുമ്പോൾ എക്സൈസ് ഡ്യൂട്ടി കൂടുന്നതിനാൽ മൊത്തം നികുതി ഭാരം വലിയ തോതിൽ മാറില്ല. ഫെബ്രുവരിയോടെയോ മാര്‍ച്ചോടെയോ എക്സൈസ് ഡ്യൂട്ടിയില്‍ അഞ്ചു ശതമാനം മാറ്റമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വിലയില്‍ അഞ്ചു ശതമാനം വര്‍ധനവുണ്ടാകും. അതായത് ഒന്നോ രണ്ടോ രൂപയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കമ്പനികള്‍ ഉയര്‍ന്ന വിലയുള്ള പ്രൈസ് സെന്‍സിറ്റീവ് അല്ലാത്ത ഉപഭോക്താക്കളുള്ള വിഭാഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് നഷ്ടം നികത്താന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷ.