സ്വര്‍ണ വിലയുടെ കുതിപ്പ് കണ്ട മാസങ്ങളാണ് കഴിഞ്ഞു പോയത്. ഏപ്രിലില്‍ പവന് 74,320 രൂപ എന്ന റെക്കോര്‍ഡ് വില കുറിച്ച ശേഷം വ്യാഴാഴ്ചയിലെ സ്വര്‍ണ വില 73,040 രൂപയാണ്. ഉയര്‍ന്ന വിലയായതോടെ രാജ്യത്തെ സ്വര്‍ണാഭരണ വില്‍പ്പനയിലും ഇടിവുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിലെ സ്വർണാഭരണ വിൽപ്പന 30 ശതമാനം ഇടിഞ്ഞ് 1,600 കിലോഗ്രാം ആയി കുറഞ്ഞതായാണ് ഇന്ത്യ ബുള്ളിയൻ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍റെ കണക്ക്. ഈ സമയത്ത് വില ഏകദേശം 5 ശതമാനമാണ് വർധിച്ചത്.
Also Read: റഫാല്‍ നിര്‍മിക്കാന്‍ ടാറ്റ; ഇന്ത്യന്‍ തിരിച്ചടിയിലെ രാജാവ്
എന്നാല്‍ വിലയിലെ സ്ഥിരത വീണ്ടും സ്വര്‍ണത്തിന്‍റെ ആവശ്യകത വർധിപ്പിച്ചേക്കാമെന്ന് വേൾഡ് ഗോൾഡ് കൗൺസിലും നിരീക്ഷിക്കുന്നു. അതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് മ്യൂച്വല്‍ ഫണ്ട് ഹൗസായ ക്വാന്‍ഡിന്‍റെ നിരീക്ഷണം. ഈ സ്വര്‍ണ വില അടുത്ത രണ്ട് മാസത്തിനുള്ളിൽ കുത്തനെ ഇടിയുമെന്നാണ് ക്വാന്‍ഡ് മ്യൂച്വൽ ഫണ്ടിന്‍റെ നിരീക്ഷണം. ഓഗസ്റ്റോടെ ഡോളർ അടിസ്ഥാനത്തില്‍ സ്വര്‍ണ വിലയിൽ 12–15 ശതമാനം കുറവാണ് ക്വാന്‍ഡ് പ്രതീക്ഷിക്കുന്നത്.
Also Read: ഓട്ടോ ഓടുന്നില്ല; മാസം ഈ ഓട്ടോ ഡ്രൈവര്‍ നേടുന്നത് 5-8 ലക്ഷം രൂപ; ഞെട്ടിക്കുന്ന ബിസിനസ് ഐഡിയ
നിലവിൽ രാജ്യാന്തര സ്വര്‍ണ വില 3,350 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 12 ശതമാനം ഇടിയുകയാണെങ്കില്‍ രാജ്യാന്തര സ്വര്‍ണ വില 2,950 ഡോളർ നിലവാരത്തിലേക്ക് എത്തും. അങ്ങനെയെങ്കില്‍ 10,000 രൂപയ്ക്കടുത്ത് കേരള വിപണിയില്‍ വില കുറയും.
ഹ്രസ്വകാലത്തേക്ക് സ്വര്‍ണവിലയില്‍ തിരുത്തല്‍ ഉണ്ടാകാമെന്നും ദീർഘകാല നിക്ഷേപമായി സ്വര്‍ണം തുടരണമെന്നുമാണ് ക്വാന്‍ഡിന്‍റെ നിര്‍ദ്ദേശം. പോര്‍ട്ട്ഫോളിയെ വൈവിധ്യവല്‍കരിക്കാന്‍ സ്വര്‍ണ നിക്ഷേപം വേണമെന്നും ക്വാന്‍ഡ് പറയുന്നു.
സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പ ആശങ്കകൾ, സംഘർഷങ്ങൾ എന്നിവയാണ് സ്വർണത്തിന്‍റെ സമീപകാല കുതിപ്പിന് കാരണമായത്. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങളാണ് വില വര്‍ധനവിന് അടിസ്ഥാനം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പരിഹരിക്കപ്പെടുന്നതും ലാഭമെടുക്കലും ഡോളര്‍ ശക്തിപ്പെടാനുള്ള സാധ്യതകളുമാണ് വില ഇടിവിന് നിരത്തുന്ന കാരണം.