വലിയ ചാഞ്ചാട്ടം കണ്ട മേയ് മാസത്തിന് ശേഷം ജൂണിലെ ആദ്യ വ്യാപാര ദിനത്തില്‍ വര്‍ധന രേഖപ്പെടുത്തി കേരളത്തിലെ സ്വര്‍ണ വില. തിങ്കളാഴ്ച 240 രൂപയുടെ വര്‍ധനയോടെ പവന് 71600 രൂപയിലാണ് കേരളത്തിലെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 8950 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില മുന്നേറിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
Also Read: എല്‍പിജി സിലിണ്ടര്‍ വില കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ
ശനിയാഴ്ച രാവിലെ 3,289 ഡോളറിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,309 ഡോളറിലേക്ക് ഉയര്‍ന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണിയും ഡോളര്‍ ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയ്ക്ക് നേട്ടമായത്. ഇറക്കുമതി ചെയ്യുന്ന അലൂമിനിയത്തിനും സ്റ്റീലിനും ഇരട്ട നികുതിയാണ് ട്രംപിന്‍റെ ഭീഷണി. യുഎസ് ഡോളര്‍ സൂചിക 0.05 ശതമാനം താഴ്ന്ന് 99.28 നിലവാരത്തിലേക്ക് എത്തി. റഷ്യ– യുക്രൈന്‍ യുദ്ധം രൂക്ഷമാകുന്നതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ വാങ്ങാന്‍ 81170 രൂപയോളം നല്‍കേണ്ടി വരും. പവന്‍റെ വിലയ്ക്കൊപ്പം 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിന ചേര്‍ത്തുള്ള വിലയാണിത്. ഒരു ലക്ഷം രൂപയ്ക്ക് 1.23 പവന്‍ സ്വര്‍ണം വാങ്ങാം. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.10 ലക്ഷം രൂപ വേണം.
മേയ് മാസത്തില്‍ 4,160 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. മേയ് എട്ടിന് 73,040 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും ഏഴ് ദിവസത്തിനപ്പുറം മേയ് 15 ന് 68,880 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. യുഎസ്– ചൈന വ്യാപാര യുദ്ധ ആശങ്ക ഒഴിഞ്ഞതായിരുന്നു വില കുറയാന്‍ കാരണം. എന്നാല്‍ വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ബാലന്‍സ് പരിശോധനയ്ക്ക് വരെ നിയന്ത്രണം; യുപിഐ ഉപയോഗിക്കുന്നവരാണോ? പണി വരുന്നുണ്ട്
അടുത്ത 12 മാസത്തിനുള്ളില്‍ സ്വര്‍ണ വില കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഏയ്ഞ്ചല്‍ വണ്ണിന്‍റെ റിപ്പോര്‍ട്ട്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യാന്തര സ്വര്‍ണ വില 4000 ഡോളറിലേക്കും ആഭ്യന്തര വിപണിയില്‍ 24 കാരറ്റ് 10 ഗ്രാമിന് 1.10 ലക്ഷം രൂപയിലേക്കും എത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 22 കാരറ്റ് ഒരു പവന് 81,000 രൂപയിലധികം വിലയേറും.
യുഎസ് ധനക്കമ്മി, ആഗോളതലത്തിൽ കുതിച്ചുയരുന്ന ബോണ്ടുകൾ, ദുര്‍ബലമാകുന്ന യുഎസ് ഡോളര്‍, വ്യാപാരയുദ്ധ ആശങ്കകൾ എന്നിവ സ്വര്‍ണത്തിന്‍റെ റാലിക്ക് ഉത്തേജനമാകും എന്ന് യുബിഎസ് ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിലെ പ്രെഷ്യസ് മെറ്റൽ സ്ട്രാറ്റജിസ്റ്റ് ജോണി ടെവസ് പ്രതികരിച്ചു. ഈ വര്‍ഷം ഇതുവരെ ഏഴു ശതമാനമാണ് യുഎസ് ഡോളര്‍ സൂചിക ഇടിഞ്ഞത്. ഡോളര്‍ താഴുന്നത് ആഭ്യന്തര വിപണിയിലെ സ്വര്‍ണ വിലയെ അനുകൂലമായി സ്വാധീനിക്കും.
നിലവില്‍ 3365-3371 ഡോളര്‍ ആണ് സ്വര്‍ണത്തിന്‍റെ പ്രതിരോധ നിലവാരം. ഇതുമറികടന്നാല്‍ 3435 ഡോളറിലേക്കും സര്‍വകാല ഉയരമായ 3500 ഡോളറിലേക്കും സ്വര്‍ണ വില എത്തിയേക്കാം എന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.