സ്വര്‍ണ വില കഴിഞ്ഞ ദിവസങ്ങളിലായി ചാഞ്ചാട്ടത്തിലാണ്. ഉടനെ ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്ന് 89,000 നിലവാരത്തിലേക്ക് താഴ്ന്ന സ്വര്‍ണ വില കഴിഞ്ഞാഴ്ച കുതിപ്പ് ആരംഭിച്ചിരുന്നു. ഇന്നിതാ രണ്ട് തവണ വില താഴേക്ക് വന്ന് അമ്പരിപ്പിച്ചു. തിങ്കളാഴ്ച 95,680 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ച രാവിലെ 200 രൂപയും വൈകീട്ട് 440 രൂപയും കുറഞ്ഞ് 95,240 രൂപയിലായിരുന്നു ഇന്നത്തെ സ്വര്‍ണ വില. ഡിസംബറില്‍ ഇനി സ്വര്‍ണ വില കുറയുമോ? നോക്കാം.
സ്വര്‍ണ വില കുറയാന്‍ കാരണം
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിച്ചു. സ്പോട്ട് ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് 4206-4264 ഡോളറിലായിരുന്നു വ്യാപാരം. നിലവില്‍ 4193 ഡോളറിലാണ് രാജ്യാന്തര വില. രാജ്യാന്തര വില കുറഞ്ഞതോടെ കേരളത്തിലും വില കുറവ് പ്രതിഫലിച്ചു. ലാഭമെടുപ്പും യു.എസ് ട്രഷറി യീല്‍ഡ് ഉയര്‍ന്നതുമാണ് രാജ്യാന്തര സ്വര്‍ണ വില ഇടിയാന്‍ കാരണം.
Also Read: സ്വര്‍ണ വില 1.20 ലക്ഷം കടന്ന് പറക്കും! 2026 ല്‍ വരാനിക്കുന്നത് വന്‍വിലകയറ്റം; ഇന്ന് വാങ്ങുന്നതോ ലാഭം
തിങ്കളാഴ്ച രാജ്യാന്തര വില ആറാഴ്ചയിലെ ഉയരത്തിലെത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ ലാഭമെടുത്തു, യൂറോപ്യന്‍, ജപ്പാനീസ് ബോണ്ടുകളിലുണ്ടായ തളര്‍ച്ചയോടെ യു.എസ് ട്രഷറി യീല്‍ഡ് ഉയര്‍ന്നു. 10 വര്‍ഷ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് രണ്ട് ആഴ്ചയിലെ ഉയരത്തിെലത്തി.
സ്വര്‍ണ വില ഇനിയും മുന്നോട്ട്?
സ്വര്‍ണ വിലയിലെ ഇടിവ് താല്‍ക്കാലികമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഫെഡ് നിരക്ക് കുറച്ചാല്‍ മുന്നേറ്റ സാധ്യതയുയുണ്ട്. പലിശ കുറയാന്‍ ഉയര്‍ന്ന സാധ്യതയാണ് നിക്ഷേപകര്‍ കാണുന്നത്. അങ്ങനെയെങ്കില്‍ രാജ്യന്തര വില, 4000-4400 ഡോളറിന് ഇടയില്‍ എത്താനാണ് സാധ്യത. ഇത് ഈ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല ഉയരമായ 4,381.58 ഡോളറിനേക്കാള്‍ കൂടുതലാണ്. ഈ സമയത്ത് രേഖപ്പെടുത്തിയ 97,360 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില. വില ഉയര്‍ന്നാല്‍ ഇത് മറികടക്കാനാണ് സാധ്യത.
പലിശ കുറയുമ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍റ് ഉയരുകയും വില കൂടുകയും ചെയ്യും. പലിശ നല്‍കുന്ന നിക്ഷേപങ്ങള്‍ അനാകര്‍ഷകമാകുന്നതാണ് സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കൂട്ടുന്നത്. ഡിസംബര്‍ ഒന്‍പതിനാണ് ഫെഡ് യോഗതീരുമാനം വരിക.