സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ നാളേക്ക് കാത്തിരിക്കുന്നതില്‍ അര്‍ഥമുണ്ടോ? കേരളത്തിലെ സ്വര്‍ണ വില രണ്ടാഴ്ച ഇടവേളയ്ക്ക് ശേഷം വീണ്ടും 94,000 രൂപ കടന്ന് കുതിക്കുകയാണ്. വെള്ളിയാഴ്ച പവന് 520 രൂപ വര്‍ധിച്ച് 94,200 രൂപയായി. നവംബര്‍ 13 ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണ വില 94000 രൂപയിലേക്ക് എത്തുന്നത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11775 രൂപയാണ് വില.
ഇന്ന് വില കൂടാന്‍ കാരണം
ഇന്നലെ 4,148 ഡോളറിലായിരുന്ന സ്വര്‍ണ വില ഇന്ന് 4,180 ഡോളറിലേക്ക് കയറി. ഇതാണ് കേരളത്തില്‍ വില ഉയരാന്‍ കാരണമായത്. യു.എസില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയരുന്നതാണ് സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുന്നത്. ഡിസംബര്‍ 9-10 തിയതികളിലാണ് അടുത്ത ഫെഡ് യോഗം. പലിശ നിരക്ക് കുറയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്ന് നിക്ഷേപകര്‍ കരുതുന്നു. യു.എസില്‍ കുറഞ്ഞ വളര്‍ച്ചയും യു.എസ് ഡോളറിന്‍റെ തളര്‍ച്ചയും സ്വര്‍ണ വിലയെ സ്വാധീനിക്കുകയാണ്.
2026 ലും കുതിപ്പ്
ഒക്ടോബര്‍ 20 തിന് രേഖപ്പെടുത്തിയ 4381.21 ഡോളറാണ് സ്വര്‍ണത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ഈ വിലയില്‍ നിന്നും അഞ്ചു ശതമാനം ഇടിവിലാണ് സ്വര്‍ണ വില നിലവിലുള്ളത്. എന്നാല്‍ വരുന്ന വര്‍ഷത്തിലും സ്വര്‍ണ വില കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അടുത്ത വര്‍ഷം അഞ്ചു മുതല്‍ 20 ശതമാനം വരെയാണ് പ്രവചനം. ഈ വര്‍ഷം സ്വര്‍ണ വിലയെ കുതിപ്പിന് കാരണമായ കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം, യു.എസ് താരിഫുകള്‍ എന്നിവ അടുത്ത വര്‍ഷവും തുടരും.
അടുത്ത വര്‍ഷത്തോടെ സ്വര്‍ണ വില 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തുന്നത്. നിലവിലെ വിലയില്‍ നിന്നും 19 ശതമാനം മുന്നേറ്റം. ഡോയ്ചെ ബാങ്കിന്‍റെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണ വില 4,950 ഡോളറിലേക്ക് എത്താം. കേന്ദ്ര ബാങ്കുകളുടെ വാങ്ങലും പലിശ നിരക്ക് കുറയ്ക്കലും കാരണം സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് ഡോയ്ചെയുടെ വിലയിരുത്തല്‍.
4900 ഡോളറാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്ന വില. 2026 ല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് 75 അടിസ്ഥാന നിരക്ക് കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ പലിശയും പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തിക്കും എന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ എത്ര വരെ ഉയരാം
രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളറിലെത്തുകയാണെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില 1.20 ലക്ഷം രൂപയിലേക്ക് എത്താനാണ് സാധ്യത. ഗ്രാമിന് ഏകദേശം 15,000 രൂപയിലേക്ക് എത്തും. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.35 ലക്ഷം രൂപയോളം നല്‍കേണ്ടി വരും.