സ്വര്‍ണ വില വീണ്ടും മുന്നോട്ട്. തിങ്കളാഴ്ച 200 രൂപയുടെ നേരിയ വര്‍ധനവോടെ പവന് 95640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 11,955 രൂപയായി. വെള്ളിയാഴ്ച 95,840 രൂപവരെ എത്തിയ ശേഷം അവസാന വ്യാപാര ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഈ ട്രെന്‍ഡ് തുടരില്ലെന്നതാണ് ഇന്നത്തെ സൂചന.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വില നേട്ടത്തിലാണ്. ട്രോയ് ഓണ്‍സിന് 4,206 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ പത്തിനാണ് ഫെഡറല്‍ റിസര്‍വ് പലിശനയം പ്രഖ്യാപിക്കുക. പലിശ കുറയുന്നത് സ്വര്‍ണ വില തുടര്‍ന്നും മുന്നേറാന്‍ കാരണമാകും.
ക്രിസ്മസിന് മുന്‍പുള്ള വ്യാപാര ആഴ്ചയില്‍ സ്വര്‍ണ വില മുന്നേറ്റത്തിലായിരിക്കുമെന്ന് എന്നാണ് വിലയിരുത്തല്‍. യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയ അവലോകന യോഗ തീരുമാനവും രൂപയുടെ ഇടിവും വരുന്ന ആഴ്ചകളില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും. ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുകയും ചെയ്യുന്നതിനാല്‍ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
പലിശ നിരക്ക് കുറഞ്ഞാല്‍ ബോണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍ അനാകര്‍ഷകമാവുകയും നിക്ഷേപകര്‍ സ്വര്‍ണം പോലുള്ളവയിലേക്ക് മാറുകയും ചെയ്യും. ഡോളര്‍ ദുര്‍ബലമാകുന്നതോടെ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് കുറയും. ഇതോടെ ഡിമാന്‍ഡ് ഉയരുകയും സ്വര്‍ണ വില മുന്നേറ്റമുണ്ടാക്കുകയും ചെയ്യും.