സ്വര്‍ണത്തിന് ഇന്ന് നിര്‍ണായക ദിനം. ഫെഡറല്‍ റിസര്‍വിന്‍റെ പലിശ തീരുമാനം വരുന്നതിന് തൊട്ടുമുന്‍പായി, കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 640 രൂപ വര്‍ധിച്ച് 95,560 രൂപയാണ് ബുധനാഴ്ചയിലെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 11945 രൂപയായി. അതേസമയം, രാജ്യാന്തര വില താഴ്ന്നിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 4206 ഡോളറിലാണ്.
ചൊവ്വാഴ്ച യു.എസ് ഡോളര്‍ ഒരാഴ്ചയിലെ ഉയരത്തിലെത്തിയിരുന്നു. ബോണ്ട് യീല്‍ഡ് രണ്ടര മാസത്തെ ഉയരത്തില്‍. ഇതോടെ സ്വര്‍ണ വില താഴ്ന്നു. യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയ യോഗ തീരുമാനം ഇന്ന് പുറത്തുവരും. പലിശ നിരക്ക് കുറയ്ക്കുകയും ഭാവിയിലെ പലിശ കുറയ്ക്കലിനെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുകയും ചെയ്യും എന്നാണ് വിപണി പ്രതീക്ഷ. ഇതിന് അനുസരിച്ച് വരും ദിവസങ്ങളില്‍ വില കൂടാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
2026 ലും മുന്നേറ്റം
നവംബറോടെ 60 ശതമാനം മുന്നേറ്റം നടത്തിയ സ്വര്‍ണം 2025 ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അസറ്റ് ക്ലാസുകളിലൊന്നായിരുന്നു. ഈ മുന്നേറ്റം 2026 ലും തുടരുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന സൂചന. നിലവിലെ നിലവാരത്തില്‍ നിന്നും 15-30 ശതമാനം വരെ സ്വര്‍ണ വില ഉയരാം എന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ സ്വര്‍ണ വില 4800-5000 ഡോളറിന് മുകളിലേക്ക് എത്താം.
കുറഞ്ഞ പലിശ നിരക്കും ദുര്‍ബലമായ ഡോളറും സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം നല്‍കും. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങലുകള്‍ക്കൊപ്പം ചൈനയിലെ ഇന്‍ഷൂറന്‍സ് കമ്പനികളും ഇന്ത്യയിലെ പെന്‍ഷന്‍ ഫണ്ടുകളും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂട്ടാന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍റുയരുന്നത് വില കൂടാന്‍ കാരണമാകും.