സ്വര്‍ണ വില 62,000 രൂപയും കടന്ന് കുതിക്കുമ്പോള്‍ സാധാരണക്കാരുടെ ഉള്ളില്‍ തീയാണ്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി കേരളത്തില്‍ ഇന്ന് പവന് വര്‍ധിച്ചത് 840 രൂപയാണ്. ഈ വര്‍ഷം ഇതുവരെ വര്‍ധിച്ചത് 5,280 രൂപയാണ്. 62,480 രൂപയില്‍ ഒരു പവന്‍റെ വിലയെത്തിയപ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 67,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ട അവസ്ഥയിലായി.
Also Read: സ്വര്‍ണം പവന് 62,000 കടന്നു; സര്‍വകാല റെക്കോര്‍ഡ്
സ്വർണത്തിന്റെ വിലയോടൊപ്പം പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും മൂന്ന് ശതമാനം ജി.എസ്.ടിയും ചേർത്താണ് സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള വില കണക്കാക്കുന്നത്. സ്വർണാഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാം. സാധാരണയായി 5,10 ശതമാനം പണിക്കൂലിയിൽ സ്വർണാഭരണം ലഭിക്കും.
അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 3,124 രൂപ പണിക്കൂലി നല്‍കണം. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഈ തുകയോടൊപ്പം മൂന്ന് ശതമാനം പണിക്കൂലി ചേര്‍ത്താല്‍ തിങ്കളാഴ്ചയിലെ വിലയില്‍ ഒരു പവന്‍ വാങ്ങാന്‍ 67,627 രൂപ വേണം. അഞ്ച് പവന്‍റെ ആഭരണം വാങ്ങാനാണെങ്കില്‍ 3.38 ലക്ഷം രൂപ ആവശ്യമാണ്.
പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ ചെലവ് 70,000 രൂപയ്ക്ക് മുകളിലാണ്. 6248 രൂപയാണ് പണിക്കൂലിയായി നല്‍കേണ്ടത്. എല്ലാ ചെലവും ചേര്‍ത്ത് 70,844 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം ലഭിക്കുക. മൂന്നര ലക്ഷത്തിന് മുകളിലാണ് (3,54,220 രൂപ) അഞ്ച് പവന്‍റെ വില.
ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് ശതമാനം പണിക്കൂലിയുള്ള 1.47 പവന്‍ ആഭരണം ലഭിക്കും. പത്ത് ശതമാനം പണിക്കൂലിയുള്ള 1.41 പവന്‍റെ ആഭരണങ്ങളാണ് ഒരു ലക്ഷത്തിന് ലഭിക്കുക.