ഇന്ത്യയ്ക്ക് നേരെ 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ശേഷമാണ് പാക്കിസ്ഥാനുമായി യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഊര്‍ജ കരാര്‍ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍റെ വൻതോതിലുള്ള എണ്ണ ശേഖരം ഉപയോഗപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ എണ്ണ വില്‍ക്കുന്ന കാലം വരില്ലെന്ന് ആരു കണ്ടു എന്ന് കൊള്ളിച്ച് പറഞ്ഞാണ് ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പ് അവസാനിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കാന്‍ പോന്ന ശേഷി പാക്കിസ്ഥാനുണ്ടോ?
Also Read: 'പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും'; എണ്ണപ്പാടങ്ങളുടെ വികസനത്തിന് കരാര്‍ ഒപ്പിട്ട് യുഎസ്
ട്രംപ് പറഞ്ഞത് പോലെ പാക്കിസ്ഥാനിലെ വലിയ എണ്ണപാടങ്ങളുടെ കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കുപ്രകാരം 2016 വരെ 353.5 മില്യണ്‍ ബാരലാണ് പാക്കിസ്ഥാന്‍റെ എണ്ണ ശേഖരം. ലോകത്തെ മൊത്തം എണ്ണ ശേഖരത്തിന്‍റെ 0.021 ശതമാനം മാത്രം. നിലവില്‍ പ്രതിദിനം 5.56 ലക്ഷം ബാരല്‍ എണ്ണ ഉപയോഗിക്കുന്ന പാക്കിസ്ഥാന് രണ്ടു വര്‍ഷത്തില്‍ താഴെ ഉപയോഗിക്കാനുള്ള എണ്ണ മാത്രമാണിത്. ദിവസം 88,000 ബാരലിന്‍റെ ആഭ്യന്തര ഉല്‍പാദനമുള്ള പാക്കിസ്ഥാന്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. നിലവില്‍ പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 272.15 രൂപയാണ് വില. ഡീസലിന് 284.35 രൂപയും. ഇന്ത്യയേക്കാള്‍ ഇരട്ടിയാണ് ഈ വില.
പാകിസ്ഥാനിലെ സിന്ധു നദീതടത്തിന് സമീപത്ത് നടത്തിയ ഭൗമശാസ്ത്ര സർവേകളെ അടിസ്ഥാനമാക്കിയാണ് ട്രംപ് പറഞ്ഞതെന്നാണ് വിവരം. ഇവിടെ സീസ്മിക് ഡാറ്റാ പരിശോധനയിൽ ഹൈഡ്രോകാർബൺ ശേഖരങ്ങളുടെ സാധ്യതകൾ കണ്ടെത്തിയിരുന്നു. മൂന്ന് വർഷത്തെ സർവേയിൽ, എണ്ണയുടെയും വാതകത്തിന്റെയും സാന്നിധ്യമുള്ള ഘടനകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ വെനസ്വേല, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കരുതൽ ശേഖരമായി മാറിയേക്കാമെന്നൊരു ഊഹാപോഹം നിലവിലുണ്ട്.
Also Read: ഇന്ത്യയ്ക്ക് 25% അധികത്തീരുവയും പിഴയും ചുമത്തി ട്രംപ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
എന്നാല്‍ അവകാശവാദങ്ങള്‍ക്കപ്പറം ഇതിന് സ്ഥിരീകരണമൊന്നുമില്ല. ഇവിടെ എണ്ണയുടെ സാന്നിധ്യമോ നിക്ഷേപത്തിന്‍റെ അളവോ, ഗുണനിലവാരമോ വാണിജ്യപരമായ ഡ്രില്ലിംഗിലൂടെ ഉറപ്പുവരുത്തിയിട്ടില്ല. വേര്‍തിരിച്ചെടുക്കാനുള്ള സാധ്യത, വാണിജ്യപരമായ ലാഭക്ഷമത എന്നിവ ഇല്ലാത്തതിനാല്‍ ഇവ സാങ്കേതിക അര്‍ഥത്തില്‍ റിസര്‍വുകളായി പരിഗണിക്കാന്‍ സാധിക്കില്ല. അതേസമയം, നിലവിലുള്ള സൂചനകള്‍ റിസര്‍വുകളാക്കി മാറ്റുന്നത് വലിയ നിക്ഷേപം ആവശ്യമുള്ള പ്രക്രിയയാണ്. പ്രദേശത്തിന്‍റെ വികസനത്തിനും എണ്ണ സ്ഥിരീകരിക്കുന്നതിനും 4–5 വർഷവും എടുക്കുമെന്നും ഇതിനായി 5 ബില്യൺ ഡോളര്‍ ചെലവ് വരുമെന്നും വിദഗ്ദ്ധർ കണക്കാക്കുന്നു.
പൈപ്പ്‌ലൈനുകൾ, റിഫൈനറികൾ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ മൂലധനം ആവശ്യമാമാണ്. 126 ബില്യൺ ഡോളറിന്റെ കടത്തില്‍ കുടുങ്ങി നില്‍ക്കുന്ന പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധിയും ഇതിനെല്ലാം പ്രതിസന്ധിയായി തലയ്ക്ക് മുകളിലുണ്ട്. പാക്കിസ്ഥാന്‍റെ എണ്ണ ശുദ്ധീകരണ ശേഷിയും വളരെ ചുരുങ്ങിയതാണ്. നിലവിലുള്ള റിഫൈനറികളില്‍ 4.50 ലക്ഷം ബാരലുകളാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്.
ഈകാര്യങ്ങള്‍ മുന്നില്‍ നില്‍കെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും എന്ന ട്രംപിന്‍റെ വാദത്തെ വലിയ കാര്യമായി എടുക്കാന്‍ സാധിക്കില്ല. പാക്കിസ്ഥാനിലെ എണ്ണ റിസര്‍വുകളുടെ സത്യാവസ്ഥയ്ക്കപ്പുറം രാഷ്ട്രീയമായ പ്രതിസന്ധികളും ലോജിസ്റ്റിക് തടസങ്ങളും വ്യാപാരത്തിന് വിലങ്ങുതടിയാണ്. നിലവില്‍ മധ്യേഷയില്‍ നിന്നും റഷ്യയില്‍ നിന്നും ഇന്ത്യയ്ക്ക് എണ്ണ സുലഭമായി ലഭിക്കുന്നുണ്ട്.