കരിങ്കടലില്‍ റഷ്യന്‍ എണ്ണക്കപ്പലിനുനേര്‍ക്ക് യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം
അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാനക്കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം തുടരുന്നതിനിടെ റഷ്യയും യുക്രെയിനും പോരാട്ടം ശക്തമാക്കി. യുക്രെയ്നിലെ കിഴക്കന്‍ ഹര്‍കീവ് മേഖലയിലെ ലൈമാന്‍ ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ലൈമാന്‍ പൂര്‍ണമായി റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം കാസ്പിയന്‍ കടലിലുള്ള ഫിലാനോവ്സ്കി എണ്ണക്കിണറില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. റഷ്യയിലെ വന്‍കിട എണ്ണക്കമ്പനിയായ ലുക്‌ഓയിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫിലാനോവ്സ്കി എണ്ണക്കിണര്‍. നാലുവട്ടം ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ എണ്ണഖനനം നിര്‍ത്തിവച്ചു. നാശനഷ്ടങ്ങളുടെ കാര്യത്തില്‍ ലുക്‌ഓയില്‍ ഇതുവരെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഹര്‍കീവില്‍ റഷ്യയ്ക്കെതിരെ പൊരുതുന്ന യുക്രെയ്ന്‍ സൈനികര്‍
അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദീര്‍ഘകാല സമാധാനം നിലനിര്‍ത്തുന്നതിനും ഉതകുന്ന കരാറുകളുടെ പാക്കേജ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ പ്രശ്നത്തിന്‍റെ അടിസ്ഥാനകാരണം പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
യുക്രെയ്ന്‍ പ്രശ്നത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും മാറിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും അമേരിക്കന്‍ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോവും തമ്മില്‍ ഈമാസം രണ്ടിന് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് സഹായിച്ചത്. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കുന്നതിനെ റഷ്യ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ലാവ്‍റോവ് ആവര്‍ത്തിച്ചു. യുക്രെയ്നില്‍ റഷ്യന്‍ സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷയും പരമപ്രധാനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വെടിനിര്‍ത്തലിനുള്ള റഷ്യയുടെ പ്രധാന ആവശ്യങ്ങളില്‍ ചിലതാണ് ഇവ.
ഹര്‍കീവില്‍ പുടിനെ പടം വച്ച ഫയറിങ് പോളുകളില്‍ പരിശീലനം നടത്തുന്ന യുക്രെയ്ന്‍ സൈനികര്‍
അതേസമയം റഷ്യയുടെ എണ്ണക്കയറ്റുമതി വരുമാനം യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിലെത്തി. ക്രൂഡ് ഓയില്‍ കയറ്റുമതി കുറഞ്ഞതും രാജ്യാന്തര വിലയിടിവുമാണ് കാരണമെന്ന് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി അറിയിച്ചു. നവംബറിലെ എണ്ണക്കയറ്റുമതി വരുമാനം 11 ബില്യന്‍ ഡോളര്‍ മാത്രമാണ്. 2024 നവംബറിലെ വരുമാനത്തില്‍ നിന്ന് 3.59 ബില്യന്‍ ഡോളര്‍ കുറവാണിത്. റഷ്യന്‍ എണ്ണപ്പാടങ്ങളില്‍ യുക്രെയ്ന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളും രാജ്യാന്തര ഉപരോധവുമെല്ലാം എണ്ണ ഉല്‍പ്പാദനത്തെയും കയറ്റുമതിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. റഷ്യയിലെ മിക്ക വന്‍കിട എണ്ണക്കമ്പനികളും അമേരിക്കന്‍ ഉപരോധം നേരിടുന്നുണ്ട്.
ഹര്‍കീവില്‍ കനത്ത യുദ്ധം തുടരുന്ന മേഖലയില്‍ യുക്രെയ്ന്‍ പീരങ്കിപ്പട