Image credit: Reuters
രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തിലാണ് ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കളും അയല്‍ക്കാരും പങ്കാളികളുമാണെന്ന് ഷീ ചിന്‍ പിങ് കുറിച്ചത്. ഡ്രാഗണും ആനയും ഒന്നിച്ച് ആനന്ദനൃത്തം ചവിട്ടുന്നുവെന്ന വിശേഷണമാണ് ഊഷ്മളമായ ഇന്ത്യ–ചൈന ബന്ധത്തെ സൂചിപ്പിക്കാന്‍ ഷീ ചിന്‍പിങ് വീണ്ടും ഉപയോഗിച്ചതെന്നും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സ്വിന്‍ഹ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്പര സഹകരണവും നയതന്ത്ര ബന്ധവും കൂടുതല്‍ വളര്‍ത്താനും ഊഷ്മളമാക്കാനും ഇരുരാജ്യങ്ങള്‍ക്കും കഴിയട്ടെ എന്നും ആശംസയില്‍ കുറിച്ചു.
2020ല്‍ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ശിഥിലമായ ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണ് ഷീ ചിന്‍ പിങ് ആരായുന്നതെന്ന് വിലയിരുത്തുന്നവരും കുറവല്ല. 2024 ലെ ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങുമായി കൂടിക്കാഴ്ച നടന്നതോടെ ബന്ധത്തില്‍ നേരിയ പുരോഗതി കൈവന്നു. തുടര്‍ന്ന് 2024 ഒക്ടോബറില്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരികയും ചെയ്തു. ജൂലൈയില്‍ ചൈന സന്ദര്‍ശിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായും ഉഭയകക്ഷി ചര്‍ച്ചകളടക്കം പുനരാരംഭിക്കാന്‍ കഴിഞ്ഞത് ശുഭസൂചനയാണെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിച്ചത്.
നിലവിലെ രാജ്യാന്തര സാഹചര്യങ്ങളില്‍ ഇന്ത്യയെ പ്രശംസിച്ചുള്ള ചൈനീസ് നിലപാടിനെ ഏറെ പ്രാധാന്യത്തോടെയാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. ട്രംപിന്‍റെ വ്യാപാരനയങ്ങളെയും ഇറക്കുമതിത്തീരുവയെയും ചൊല്ലി അമേരിക്കയുമായുള്ള ഇന്ത്യന്‍ ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് ചൈനയുടെ പ്രശംസയെന്നതാണ് ശ്രദ്ധേയം. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യ അനുകൂലമായി വോട്ടുചെയ്തതിനെ പ്രശംസിച്ച് ഇറാന്‍ കഴിഞ്ഞ ദിവസം നന്ദിയറിയിച്ചിരുന്നു. മാറിയ രാഷ്ട്രീയ–നയതന്ത്ര സാഹചര്യത്തില്‍ അമേരിക്ക കൂടുതല്‍ ഒറ്റപ്പെടുകയാണെന്നും യൂറോപ്പടക്കം ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ തിരിയുകയാമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. കാനഡയുമായുള്ള ട്രംപിന്‍റെ വാക്കേറ്റവും ഗ്രീന്‍ലന്‍ഡിനെ ചൊല്ലി ഡെന്‍മാര്‍ക്കിനും ഫ്രാന്‍സിനുമെതിരെ തിരിഞ്ഞതും ലോകരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
ബദ്ധവൈരികളായ ഇന്ത്യയെയും ചൈനയെയും ഒന്നിപ്പിച്ചത് ട്രംപാണെന്നും അമേരിക്കയില്‍ നിന്ന് ഇന്ത്യ അകന്ന് പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഡമോക്രാറ്റിക് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, റഷ്യയുടെ നേതൃത്വത്തില്‍ ഇന്ത്യയും ചൈനയും കൂടുതല്‍ സഹകരണത്തിന് ഒരുങ്ങുകയാണെന്നും ട്രംപിന്‍റെ സാമ്രാജ്യാത്വ നയങ്ങള്‍ക്കെതിരെ മൂന്ന് രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ–റഷ്യ ബന്ധം മുന്‍പത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നും പുട്ടിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇതില്‍ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന റഷ്യന്‍ താല്‍പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.