കഴിഞ്ഞ ദിവസമാണ് യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യ ഡ്രോണാക്രമണം നടത്തിയത്.ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇരുനൂറിലേറെപ്പേര്‍ സഞ്ചരിച്ച പാസഞ്ചര്‍ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.ഖാര്‍കീവിലെ യാസികോയ്ക്ക് സമീപത്ത് ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കി ശക്തമായി അപലപിച്ചിരുന്നു. ഒരു സിവിലിയൻ ട്രെയിനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് തീവ്രവാദി ആക്രമണത്തിന് സമമാണെന്നും ഇതിൽ ഒരു സൈനിക ലക്ഷ്യവുമില്ലെന്നും സെലന്‍സി വ്യക്തമാക്കി.
യുക്രൈനില്‍ നടന്ന ഈ ഡ്രോണാക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒലക്സാണ്ടര്‍ പിസ്മെനി എന്ന യാത്രക്കാരന്‍റെ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 27 കാരനായ ഒലക്സാണ്ടറിന് തുണയായതാകട്ടെ ഒരു സിഗരറ്റും. ആക്രമിക്കപ്പെട്ട ട്രെയിനില്‍ സുഹൃത്തുക്കളുമായി യാത്ര ചെയ്യുകയായിരുന്നു പിസ്മെനി. ട്രെയിന്‍ ഖാര്‍കീവ് മേഖലയിലൂടെ നീങ്ങവേ ഒരു സിഗരറ്റ് വലിക്കാനായി തന്‍റെ കമ്പാര്‍ട്ട്മെന്‍റില്‍ നിന്നും കൊറിഡോറിലേക്ക് ഇറങ്ങിയതാണ് അദ്ദേഹം. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. ശബ്ദത്തിന് തൊട്ടുപിന്നാലെ ഡ്രോണ്‍ വന്ന് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഒലക്സാണ്ടര്‍ ഇരുന്നിരുന്ന അതേ കാരിയേജിലാണ് ഡ്രോണ്‍ പതിച്ചത്.
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയും കമ്പാര്‍ട്മെന്‍റിലേക്കുളള വഴി തടസപ്പെടുകയും ചെയ്തു. എന്നാല്‍ പുറത്തിറങ്ങിയ അദ്ദേഹം കത്തിക്കൊണ്ടിരിക്കുന്ന കാരിയറിന് ചുറ്റും ഓടി എങ്ങനെയെക്കെയോ പണിപ്പെട്ട് മറ്റൊരു വശത്തിലൂടെ അകത്ത് കടന്നു. ആക്രമണത്തില്‍ പരുക്കേറ്റ തന്‍റെ സുഹൃത്തുക്കളെയും മറ്റുയാത്രക്കാരെയും വാരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നിലവില്‍ ഒലക്സാണ്ടറും സുഹൃത്തുക്കളും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.നിലവില്‍ എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ."സിഗരറ്റിനേക്കാൾ വേഗത്തിൽ റഷ്യൻ ഡ്രോണുകൾ നിങ്ങളെ കൊല്ലും" എന്ന കുറിപ്പോടെ ഒലക്സാണ്ടരുടെ ഭാര്യ മരിയ ഷ്റ്റേണ്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചപ്പോഴാണ് ഈ കഥ പുറംലോകമറിയുന്നത്.
മൂന്ന് ഡ്രോണുകളാണ് ട്രെയിനിനെ ലക്ഷ്യം വെച്ചെത്തിയത്. ഒന്ന് കാരിയറിൽ നേരിട്ട് പതിച്ചപ്പോൾ രണ്ടെണ്ണം സമീപത്ത് വീഴുകയായിരുന്നു.18 പേരുണ്ടായിരുന്ന ഒരു കാരിയര്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.ആക്രമണത്തിന് ശേഷം കത്തിയ കാരിയര്‍ വേര്‍പ്പെടുത്തി ബാക്കിയുള്ള 10 കോച്ചുകളുമായി ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. അഞ്ച് മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയത്.
യുക്രെയ്നിലെ റെയില്‍വേ ശൃഖലയ്ക്ക് മേല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി റഷ്യ ആക്രണം കടുപ്പിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുന്ന യുക്രൈനില്‍ ഏക ആശ്രയം ട്രെയിനുകളാണ്. പ്രശന ബാധിത മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനും ചരക്കുനീക്കത്തിനുമെല്ലാം യുക്രൈന്‍ ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തെയാണ്.