• ഭവനവായ്പയെടുത്തവര്‍ക്കും എടുക്കാനിരിക്കുന്നവര്‍ക്കും നെഞ്ചിടിപ്പ് നല്‍കുന്നതാണ് ഇത്തവണത്തെ ആര്‍ബിഐയുടെ വായ്പാനയ പ്രഖ്യാപനം. ഇത്തവണ റിപ്പോ നിരക്കുകളില്‍ വര്‍ധയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അത് ആദ്യം ബാധിക്കാന്‍ പോകുന്നത് ഫ്ളോട്ടിങ് പലിശ നിരക്കുള്ള ഭവന, വാഹന വായ്പകളെയാകും. പലിശ കൂടും.

ഭവനവായ്പയെടുത്തവര്‍ക്കും എടുക്കാനിരിക്കുന്നവര്‍ക്കും നെഞ്ചിടിപ്പ് നല്‍കുന്നതാണ് ഇത്തവണത്തെ ആര്‍ബിഐയുടെ വായ്പാനയ പ്രഖ്യാപനം. ഇത്തവണ റിപ്പോ നിരക്കുകളില്‍ വര്‍ധയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അത് ആദ്യം ബാധിക്കാന്‍ പോകുന്നത് ഫ്ളോട്ടിങ് പലിശ നിരക്കുള്ള ഭവന, വാഹന വായ്പകളെയാകും. പലിശ കൂടും. 

​പലിശ കൂട്ടിയാല്‍ എന്ത് സംഭവിക്കും?

​2023 ഫെബ്രുവരിക്ക് ശേഷം റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് മൂന്നു വര്‍ഷത്തിനുശേഷമാകും. കൃത്യമായി പറഞ്ഞാല്‍ മൂന്നു വര്‍ഷവും ഏഴുമാസവുമായി. ഇത് ഭവനവായ്പയെടുത്തവര്‍ക്ക് നല്‍കിയിരുന്ന ആശ്വാസം ചില്ലറയല്ല. പലിശനിരക്ക് കുറഞ്ഞു നിന്നിരുന്നതിനാല്‍ ഇഎംഐ അടയ്ക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ എമൗണ്ടിലേക്ക് കൂടുതല്‍ പണം പോകുമായിരുന്നു. ഇതുവഴി തിരിച്ചടവ് കാലാവധി കുറയുകയും ചെയ്തിരുന്നു. ഇനി പലിശ കൂടുമ്പോള്‍ ഇഎംഐയിലെ കൂടുതല്‍ തുക പലിശയിനത്തിലേക്ക് മാറുന്ന സ്ഥിതി വരും. 

​എന്തിനാണ് റിപ്പോ നിരക്ക് കൂട്ടുന്നത്?

എന്തിനാണ് റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നത്. പണലഭ്യത കുറച്ച് പണപ്പെരുപ്പ തോതിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇതിന് പിന്നിലെ സാമ്പത്തിക ശാസ്ത്രം. പണപ്പെരുപ്പം ഉദ്ദേശിച്ചതുപോലെ നിയന്ത്രിക്കാനായാല്‍ പലിശനിരക്ക് കുറയ്ക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാല്‍ശതമാനം പലിശ കുറച്ചിരുന്നു. ഒരു മാസം കഴിഞ്ഞ് കാല്‍ശതമാനം കൂടി കുറച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അരശതമാനവും ഡിസംബറില്‍ വീണ്ടും കാല്‍ ശതമാനവും കുറച്ചു. അതായത് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ റിപ്പോനിരക്കില്‍ ഒന്നേകാല്‍ ശതമാനത്തിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. അഞ്ചേ കാല്‍ ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. 

​എന്താണ് റിപ്പോ നിരക്ക്?

ബാങ്കുകള്‍ ഒരു ദിവസത്തേക്ക് ആര്‍ബിഐയില്‍ നിന്ന് കടമെടുക്കുന്ന തുകയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. തിരിച്ച് ആര്‍ബിഐ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപത്തിന് നല്‍കുന്ന പലിശയ്ക്ക് റിവേഴ്സ് റീപ്പോ നിരക്ക് എന്നും പറയും. ലളിതമായി പറഞ്ഞാല്‍ ആര്‍ബിഐ റിപ്പോ നിരക്ക് കൂട്ടിയാല്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയും കൂട്ടും. 

​മറ്റു രാജ്യങ്ങള്‍ കൂട്ടുന്നതും പ്രശ്നം 

ഇത്തവണ ആര്‍ബിഐ പലിശനിരക്ക് കൂട്ടുമെന്ന അനുമാനത്തിന് മറ്റൊരു പ്രധാന കാരണവുമുണ്ട്. നമ്മുടെ റിസര്‍വ് ബാങ്കിനെ പോലെ മറ്റു രാജ്യങ്ങളിലും കേന്ദ്രബാങ്കുകളുണ്ട്. പ്രധാന ലോക രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലതും സമീപകാലത്ത് പലിശനിരക്ക് കൂട്ടിയിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തിടെ പലിശ നാലുശതമാനത്തിലേക്ക് ഉയര്‍ത്തി. മറ്റ് കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുകയും റിസര്‍വ് ബാങ്ക് പലിശ കൂട്ടാതിരിക്കുകയും ചെയ്യുന്നത് അപകടമാണ്. രൂപയുടെ മൂല്യത്തിനുള്‍പ്പടെ അത് കനത്ത ഭീഷണിയാകും. 

പണപ്പെരുപ്പഭീതിക്ക് കാരണം? 

നിലവില്‍ റിസര്‍വ് ബാങ്ക് കണക്കുകൂട്ടി വച്ചിരിക്കുന്നതില്‍ നിന്ന് അല്‍പം മാത്രം ഉയരത്തിലാണ് പണപ്പെരുപ്പ തോത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവു വരാത്തത് അപായ മുന്നറിയിപ്പ് നല്‍കുന്നു.  ക്രൂഡോയില്‍ വില നൂറ് ഡോളറിന് മുകളില്‍ നില്‍ക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരിവിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റുമാറുന്നതുമെല്ലാം നമുക്ക് ഗൗരവത്തിലെടുത്തേ പറ്റൂ.

​എത്ര കൂടും?

ഇനി ആര്‍ബിഐ റിപ്പോ നിരക്ക് എത്ര കൂട്ടിയേക്കും എന്നതാണ് പ്രധാന ചോദ്യം. ഇത്തവണ കാല്‍ശതമാനം വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്. എന്നിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെ എങ്കില്‍ അടുത്ത വായ്പാനയ അവലോകന യോഗത്തിനുശേഷം വീണ്ടും നിരക്ക് കൂട്ടിയേക്കാം. ഇല്ലെങ്കില്‍ യുദ്ധം അവസാനിക്കണം. കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലേക്ക് മടങ്ങണം. 

ENGLISH SUMMARY:

The RBI's recent policy announcement is causing concern for those with and seeking home loans, with expectations of a repo rate hike. This increase will directly affect floating interest rates on home and vehicle loans, leading to higher EMIs.