ഈമാസം പതിനേഴിന് ഒരു ഡോളര്‍ വാങ്ങാന്‍ കൊടുക്കേണ്ടിവന്നത് എത്ര രൂപയാണെന്നറിയുമോ? 91 രൂപയ്ക്കടുത്ത്! ഇന്ത്യന്‍ രൂപയുടെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കായിരുന്നു അത്. റിസര്‍വ് ബാങ്കിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ഥിതി അല്‍പം മെച്ചപ്പെട്ടു. 89 രൂപ 98 പൈസയാണ് ഇപ്പോള്‍ ഒരു ഡോളറിന്‍റെ നിരക്ക്. ഇതൊരു തിരിച്ചുവരവായി കാണാമോ? പുതിയ വര്‍ഷം രൂപയ്ക്ക് എന്തുസംഭവിക്കും?
ഒറ്റവാക്കില്‍ പറഞ്ഞാല്‍, ‘തുടരും’. ഇന്ത്യയിലെയും രാജ്യാന്തര കറന്‍സി എക്സ്ചേഞ്ച് രംഗത്തെയും അടിസ്ഥാന ഘടകങ്ങള്‍ പരിശോധിച്ചാല്‍ രൂപയുടെ മൂല്യച്യുതി 2026ലും തുടരാനാണ് സാധ്യത. വിനിമയ നിരക്ക് വീണ്ടും 90 രൂപയ്ക്ക് മുകളില്‍ നില്‍ക്കുമെന്നാണ് മിറ്റ്‍സുബിഷി യു.എഫ്.ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ പ്രവചനം. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സെപ്തംബറില്‍ അവസാനിക്കുന്ന രണ്ടാം പാദത്തോടെ 91 രൂപയ്ക്കടുത്തുവരെ ഡോളര്‍ വിനിമയ നിരക്ക് എത്തിയേക്കാം. എന്താണ് രൂപ ഇങ്ങനെ താഴേക്ക് പോകാന്‍ കാരണം?
നേരത്തേ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും രൂപയുടെ മൂല്യച്യുതിക്ക് കാരണമായി തുടരുന്നത്. 1. വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ ഡോളറിന്‍റെ ഡിമാന്‍ഡ് കുത്തനെ കൂടും. 2. വ്യാപാര കമ്മി. കയറ്റുമതിയെക്കാള്‍ കൂടിനില്‍ക്കുന്ന ഇറക്കുമതി. ഇവിടെയും വന്‍തോതില്‍ ഡോളര്‍ വേണം. 3. കറന്‍റ് അക്കൗണ്ട് കമ്മി – കയറ്റുമതി വരുമാനത്തേക്കാള്‍ കൂടിയ ഇറക്കുമതിച്ചെലവ്. ഡോളറിന് ആവശ്യം വര്‍ധിക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ പക്കലുള്ള വിദേശനാണ്യശേഖരം കുറയും. ഇത്രയുമാണ് കറന്‍സിയുടെ മൂല്യം ഇടിയാനുള്ള അടിസ്ഥാന കാരണങ്ങള്‍. എന്നാല്‍ രൂപയുടെ മൂല്യം ഇങ്ങനെ ഇടിയുന്നതിന് അതുമാത്രമല്ല കാരണം.
2025ലെ ഡോളര്‍–രൂപ ശരാശരി വിനിമയ നിരക്ക്
ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് യുദ്ധമാണ് അടിസ്ഥാനഘടകങ്ങള്‍ക്കപ്പുറം രൂപ നേരിട്ട ഒരു പ്രതിസന്ധി. അമേരിക്കയുമായുള്ള വ്യാപാരകരാര്‍ നീണ്ടുപോകുന്നത് പ്രതിസന്ധി രൂക്ഷമാക്കി. അത് യാഥാര്‍ഥ്യമായാല്‍ സാഹചര്യം മാറിയേക്കാം. പക്ഷേ കരാര്‍ നീണ്ടുപോകും തോറും വിദേശനിക്ഷേപകര്‍ക്ക് ഇപ്പോഴുള്ള നെഗറ്റിവ് സെന്‍റിമെന്‍റില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും മങ്ങും. അത് വൈകാതെ സമ്പദ്ഘടനയെ ബാധിക്കുന്ന സ്ഥിതിയും ഉണ്ടാകാം. മറ്റൊന്ന് റഷ്യ – യുക്രെയ്ന്‍ യുദ്ധമടക്കം പരിഹാരമില്ലാതെ തുടരുന്ന രാജ്യാന്തരസംഘര്‍ഷങ്ങളാണ്. എണ്ണ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്തോറും കൂടുതല്‍ ഡോളര്‍ വേണ്ടിവരും. രൂപയുടെ തിരിച്ചുവരവ് വൈകും.
മൂല്യം ഇടിഞ്ഞാല്‍ ഒരു ഗുണവുമില്ലേ?
രൂപയുടെ മൂല്യം കുറയുന്നത് നേട്ടമാണെന്ന് വാദിക്കുന്നവരുണ്ട്. ഉറപ്പായും കയറ്റുമതിക്കാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കാരണം രാജ്യാന്തര വിപണിയില്‍ അവരുടെ മല്‍സരശേഷി വര്‍ധിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കുകയും ചെയ്യും. പക്ഷേ രാജ്യാന്തര വിപണിയില്‍ നമ്മളോട് മല്‍സരിക്കുന്ന രാജ്യങ്ങളിലെ കറന്‍സിയുടെ വിനിമയനിരക്ക് രൂപയ്ക്കൊപ്പം ഇടിയാതിരുന്നാലേ നമുക്ക് ഗുണമുള്ളു. ഐടി പോലെ സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മേഖലകള്‍ക്കാണ് ഏറ്റവും നേട്ടം. ആ സാമ്പത്തികനേട്ടം ബോണസൊക്കെ കൊടുത്ത് ജീവനക്കാരുമായി പങ്കുവയ്ക്കാന്‍ ഈ കമ്പനികള്‍ തയാറായാല്‍ അത് പ്രാദേശിക വിപണിയിലും ഉണര്‍വുണ്ടാക്കും.
വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയ കണ്ടെയ്നറുകള്‍
സമ്പദ് ഘടനയ്ക്ക് പ്രശ്നമുണ്ടോ?
ലോകത്തെ പ്രധാന കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് രൂപയാണെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അത് ബാധിച്ചിട്ടില്ല. കാരണം നമ്മുടെ സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളെല്ലാം ശക്തവും സുരക്ഷിതവുമായി തുടരുകയാണ്. മികച്ച സാമ്പത്തിക വളര്‍ച്ചാനിരക്കുണ്ട്. പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലാണ്. കയറ്റുമതിയില്‍ ഒരു കുറവുമില്ല. അടുത്ത ഒരുവര്‍ഷത്തെ ഇറക്കുമതി ബില്‍ കൈകാര്യം ചെയ്യാനുള്ള വിദേശനാണ്യശേഖരമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ രൂപയുടെ മൂല്യച്യുതിയില്‍ ആഭ്യന്തരതലത്തില്‍ വന്‍ പ്രതിസന്ധി എന്ന് പറയാവുന്ന സാഹചര്യമില്ല.
ധനമന്ത്രി നിര്‍മല സീതാരാമന്‍ (മധ്യത്തില്‍) കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനും അശ്വിനി വൈഷ്ണവിനുമൊപ്പം
പിന്നെ എന്താണ് പ്രശ്നം?
രൂപയുടെ മൂല്യത്തിലുള്ള ഇടിവിനേക്കാള്‍ നിരക്കിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങളാണ് പ്രതിസന്ധി. ഇങ്ങനെ വന്‍തോതില്‍ ഫ്ലക്ച്വേറ്റ് ചെയ്യുന്ന ഒരു കറന്‍സിവച്ച് എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് ബിസിനസ് നടത്തുക എളുപ്പമല്ല. കയറ്റിറക്കുമതി ബിസിനസിലുള്ളവര്‍ എക്സ്ചേഞ്ച് റേറ്റില്‍ ഒരു മിനിമം സ്ഥിരതയെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. അത് മറുവശത്തുള്ളവരും നിക്ഷേപകരും ആവശ്യപ്പെടുന്നുണ്ട്. അതുപോലെ ആദ്യം പറഞ്ഞ അടിസ്ഥാനഘടകങ്ങള്‍ക്ക് പുറത്തുള്ള സാഹചര്യങ്ങള്‍, അതായത് താരിഫ് അനിശ്ചിതത്വവും വ്യാപാര കരാറും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അതേ പടി തുടരുകയോ വഷളാവുകയോ ചെയ്താല്‍ അത് ആഭ്യന്തര തലത്തിലും പ്രതിഫലിക്കുന്ന സാഹചര്യമുണ്ടാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് പ്രതിസന്ധി നേരിടേണ്ടിവരും. ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയാവുക എന്ന ലക്ഷ്യത്തിലേക്കുള്ള പാത ഇത്തരം സാഹചര്യങ്ങള്‍ ദുര്‍ഘടമാക്കും. അത് തിരിച്ചറിഞ്ഞുള്ള ഇടപെടലുകള്‍ ആര്‍ബിഐയും സര്‍ക്കാരും നടത്തും എന്നുതന്നെയാണ് പ്രതീക്ഷ.
മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം