modi-trump

ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ വെറും സാമ്പത്തിക ഇടപാട് മാത്രമല്ല. കരാര്‍ അന്തിമമാകാന്‍ തടസമാവുന്നതിനു പിന്നില്‍ സാംസ്കാരികവും ശാസ്ത്രീയവും  രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. സസ്യാഹാരികളായ പശുക്കളുടെ പാലിന്റെ സാംസ്കാരിക പ്രാധാന്യം മുതല്‍ ജനിതകമാറ്റം വരുത്തിയ ചോളവും സോയാബീനും ഇറക്കുമതി ചെയ്താലുണ്ടാകാവുന്ന രാഷ്ട്രീയ, ശാസ്ത്രീയ പ്രത്യാഘാതം വരെ. ജൂലൈ ഒന്‍പതിന് നടപ്പാക്കുമെന്ന അധികത്തീരുവയില്‍ ഓഗസ്റ്റ് ഒന്നുവരെ ഇന്ത്യയ്ക്കു മാത്രം ഇളവ് നല്‍കിയ ട്രംപിനുമറിയാം ഈ കുരുക്കുകള്‍.

‘അമേരിക്ക ഫസ്റ്റ്’ – ‘മെയ്ക് ഇന്‍ ഇന്ത്യ’ എന്നീ രണ്ട് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് വ്യാപാരക്കരാര്‍. അമേരിക്കയിലെ ആകെ കര്‍ഷകരുടെ 77.7 ശതമാനം വോട്ട് നേടിയാണ് ട്രംപ് പ്രസിഡന്റായത്. മധ്യ അമേരിക്കയിലെ അയോവ, നെബ്രാസ്ക, ഇലിനോയി, മിനെസോട്ട, ഇന്‍ഡ്യാന, കന്‍സാസ്, നോര്‍ത് ഡക്കോട്ട, ഒഹായോ, മിസൗറി തുടങ്ങിയ സംസ്ഥാനങ്ങളിലെ. കര്‍ഷരുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെ കണ്ടെത്തുക ട്രംപിന്റെ ദൗത്യവുമാണ്. 

അതേസമയം, ഇവിടെ ഇങ്ങ് ഇന്ത്യയിലെ ബിഹാറില്‍ തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. രാജ്യത്തെ ചോളം ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണ് ബിഹാര്‍. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും ചോള രാജാക്കന്മാരാണ്. സോയാബീന്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നു.

ഇന്ത്യയുടെ ‘കൗ ബെല്‍റ്റ്’ ആണ് ബിഹാറും മധ്യപ്രദേശും രാജസ്ഥാനും ഉത്തര്‍പ്രദേശും. ബിഹാറില്‍ ഇലക്ഷന്‍ വരാന്‍ പോകുന്നു, മറ്റ് മൂന്നിടങ്ങളും ബിജെപിയുടെ ശക്തികേന്ദ്രങ്ങളും. ട്രംപിന്റെ സ്വാധീനത്തിനു വഴങ്ങിയാല്‍ കര്‍ഷകര്‍ തെരുവിലേക്ക് ഇറങ്ങുമെന്നുറപ്പ്.

ജനിതകമാറ്റം വരുത്തിയ അമേരിക്കന്‍ ചോളവും സോയാബീനും ഇന്ത്യയിലേക്ക് വരുന്നത് രണ്ട് ഉല്‍പന്നങ്ങളുടെയും വില ഇടിക്കും. താങ്ങുവിലയേക്കാള്‍ താഴെപ്പോകാം. മാത്രമല്ല, ജനിതകമാറ്റം വരുത്തിയ കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനവും ഇറക്കുമതിയും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ കാര്‍ഷികമേഖലയുടെ മര്‍മത്തില്‍തൊട്ടുള്ള ഒരു കളിക്കും കേന്ദ്രം കൂട്ടുനില്‍ക്കില്ല. ബിജെപിയും.

മാത്രമല്ല, അമേരിക്കയിലെ കന്നുകാലികള്‍ നോണ്‍ വെജിറ്റേറിയനാണ്.  സസ്തനികളുടെ രക്തത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് മീലും കോഴി, മീന്‍ ഉപോല്‍പന്നങ്ങളും അമേരിക്കയില്‍ പശുക്കള്‍ക്ക് നല്‍കാം. ഹോട്ടലുകളില്‍ ഈ പാലൊഴിച്ച ചായ വിളമ്പിയാല്‍ എത്ര പേര്‍ കയറും? ഗോവധവുമായി ബന്ധപ്പെട്ട സാംസ്കാരികവും മതപരവുമായ ആശങ്കകള്‍ക്ക് രാഷ്ട്രീയമുനകളുമുണ്ട്.  അതുകൊണ്ടുതന്നെ, ലക്ഷക്കണക്കിന് ചെറുകിട കർഷകരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതും ശക്തമായ സാംസ്കാരിക വിശ്വാസങ്ങളുമായി ചേർന്നുനിൽക്കുന്നതുമായ ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് അതീവവൈകാരികമായ കാര്യമാണ്.  ഏതൊരു ഒത്തുതീർപ്പും വലിയ ജനകീയ, രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമായേക്കാം.

ഫയല്‍ ചിത്രം.

ഫയല്‍ ചിത്രം.

ആപ്പിൾ, നട്സ്, ക്രാൻബെറി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾ, വൈൻ, പെട്രോകെമിക്കൽസ് എന്നിവയ്ക്കും വിപണി തുറന്നുനൽകണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. കൃഷിയെയും ക്ഷീരമേഖലയെയും സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ടെക്സ്റ്റൈൽസ്, രത്നാഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ചെമ്മീൻ, ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള തങ്ങളുടെ വ്യവസായങ്ങൾക്ക് യുഎസ് വിപണിയിൽ കൂടുതൽ പ്രവേശനം ഇന്ത്യയും ആഗ്രഹിക്കുന്നു. 

FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo

FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo

വ്യാപാരക്കരാർ യാഥാർഥ്യമാക്കാനായി, ആഭ്യന്തരവിപണിയുമായി നേരിട്ടു മത്സരിക്കാത്ത യുഎസ് കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതു പരിഗണിക്കാമെന്നാണു നിതി ആയോഗ് പറഞ്ഞിരുന്നത്.  അരി, കുരുമുളക്, പിസ്ത, ബദാം, യുഎസ് ആപ്പിൾ എന്നിവയുടെ തീരുവ കുറയ്ക്കാമെന്നതടക്കമുള്ള ശുപാർശകള്‍ ഉള്ള റിപ്പോര്‍ട്ട് പിന്നീട് നീതി ആയോഗ് പിന്‍വലിച്ചു. പക്ഷേ, ചര്‍ച്ചകള്‍ ഈ വഴിക്കാണ് മുന്നോട്ടുപോകുന്നത്.

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. ഈ മേഖലയെ വിലകുറഞ്ഞ അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾക്കായി, പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ വിളകൾക്കായി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ കർഷകരുടെ ഉപജീവനത്തെയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. ഇന്ത്യ പലപ്പോഴും വ്യാപാര ചർച്ചകളെ ദേശീയ താൽപ്പര്യത്തിന്റെയും പരമാധികാരത്തിന്റെയും ഭാഗമായാണ് കാണുന്നതും. യുഎസ് പോലുള്ള ഒരു വൻശക്തിയുടെ സമ്മർദത്തിന് വഴങ്ങിയെന്നോ ഏകപക്ഷീയമായ താരിഫ് നടപടികൾക്ക് വിധേയമായെന്നോ ഉള്ള ധാരണ, വളർന്നുവരുന്ന ഒരു ആഗോള ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ അന്തസ്സിനേൽക്കുന്ന മുറിവായി വ്യാഖ്യാനിക്കപ്പെടാം.

ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ഇരുഭാഗത്തും വിട്ടുവീഴ്ചകളുണ്ടാവാം. സാമ്പത്തിക താൽപ്പര്യങ്ങൾ, ആഴത്തിൽ വേരൂന്നിയ സാംസ്കാരിക മൂല്യങ്ങൾ, ഇരുപക്ഷത്തുമുള്ള സുപ്രധാന രാഷ്ട്രീയ പരിഗണനകൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. ഈ 'മുള്ളുകൾ' എടുത്തുമാറ്റുന്നതിലാണ് ഈ നിർണായക ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക.

ENGLISH SUMMARY:

The India-US trade deal is more than economic; it's a battleground of cultural, scientific, and political issues, from India's sacred cows and opposition to GMOs to US agricultural demands. Trump's temporary tariff waiver for India hints at the deep complexities involved, with both nations balancing domestic political agendas and economic interests.