ജോലി കിട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല,  ശമ്പളം വര്‍ഷം തോറും കുറയുകയാണ് ചെയ്യുന്നത്, ഇന്ത്യയില്‍ ഇന്ന് ഇടത്തരക്കാരനെ തിരിഞ്ഞുനോക്കാന്‍ ആരുമില്ല, രാജ്യത്ത് വലിയൊരു വിഭാഗം അതിസമ്പന്നര്‍ അതിവേഗം വളര്‍ന്നുവരുന്നു. മാര്‍സിലസ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജേഴ്സിന്‍റെ സ്ഥാപകനും നിക്ഷേപകഗുരുവും എഴുത്തുകാരനുമായ സൗരഭ് മുഖര്‍ജി മലയാളമനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു.

 

പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാടാണ് താന്‍ സംസാരിക്കുന്നതെന്നു കരുതുന്നു എന്ന ആമുഖത്തോടെയാണ് സൗരഭ് മുഖര്‍ജി തുടങ്ങിയത്. ഇന്ത്യയില്‍ ഇപ്പോള്‍ മൂന്നു പ്രതിഭാസമാണ് സംഭവിക്കുന്നത്.    

 

1. മധ്യവര്‍ഗത്തിന് കനത്ത തിരിച്ചടി, വോട്ടുബാങ്കല്ലാത്തതിനാല്‍ സര്‍ക്കാരിന് അവരെ വേണ്ട

2. അതിസമ്പന്നരുടെ (സൂപ്പര്‍ റിച്ച്) പുതിയൊരു വിഭാഗം അതിവേഗം വളരുന്നു

3. ആഗോളതലത്തിൽ മൂലധന നിക്ഷേപം കുതിച്ചുയരുന്നു

 

മധ്യവർഗത്തിന്റെ തൊഴിലുകൾ ഇല്ലാതാകുകയാണ്. വൈറ്റ്കോളർ ജോലികളുടെ വളർച്ചാ നിരക്ക് പൂജ്യം ശതമാനമായി. ബിരുദധാരികളെ ഒരിടത്തും ജോലിക്ക് എടുക്കുന്നില്ല. ഓട്ടോമേഷനാണ് അവരുടെ തൊഴിൽ ഇല്ലാതാക്കിയത്. ജോലിയുള്ളവരുടെ ശമ്പളമാണെങ്കിൽ കൂടുന്നില്ല. മധ്യവർഗത്തിന്റെ പ്രതിശീർഷ ശമ്പള വർധന 1% മാത്രമാണ്. ജീവിത ചെലവ് 7-9% ആണ് കൂടുന്നത്. ഫലത്തിൽ ശമ്പളം കുറയുകയാണ് ചെയ്യുന്നത്. ഇത് തുടക്കം മാത്രമാണ് എന്നും സൗരഭ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കി. വരുമാനത്തിന്റെ 40% കടത്തിന്റെ തിരിച്ചടവിനാണ് ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. വായ്പയുടെ പലിശയാണെങ്കില്‍ വീണ്ടും ഉയരുകയാണ്. 

 

Also read: വിപണിയിൽ ചരിത്രമെഴുതി ജിയോ; 12.5 ലക്ഷം കോടി മൂല്യവുമായി രണ്ടാമത്തെ വലിയ കമ്പനി!

ലോകവ്യാപകമായി മധ്യ വർഗത്തിന് ആവശ്യമായത് നൽകുന്നതിൽ നിന്ന് ഗവൺമെന്റുകൾ പിന്മാറുകയാണ്. പണം പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകാൻ മാത്രം ഉപയാഗിക്കുന്നു. പാവങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണം നൽകുകയാണ്. മധ്യവര്‍ഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് പ്രയോജനമില്ലെന്ന ചിന്തയിലേക്ക് ഗവണ്‍മെന്‍റുകള്‍ എത്തിയിരിക്കുന്നു.

​

പണം പ്രശ്നമല്ലാത്ത 10 ലക്ഷം സൂപ്പർ ലക്ഷ്വറി കുടുംബങ്ങൾ ഇന്ത്യയിലുണ്ട്. ഫെറാറിയുടെ ഏറ്റവും വേഗം വളരുന്ന വിപണി ഇന്ത്യയാണ് എന്നതില്‍ നിന്ന് ഇന്ത്യയിലെ സമ്പന്നരുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വര്‍ധന മനസിലാക്കാം. ഫ്ളാറ്റുകളുടെ ആവശ്യക്കാരില്‍ വന്നിരിക്കുന്ന മാറ്റം മറ്റൊരു ഉദാഹരണമാണ്. റിയൽ എസ്റേറ്റ് മാർക്കറ്റിന്റെ 9% ഇപ്പോള്‍  4 കോടിയിലേറെ വിലയുള്ള ഫ്ലാറ്റുകളാണ്.  മുമ്പ് ഇത് കേവലം 1% ആയിരുന്നു. 

 

കയറ്റുമതിയാണ് വമ്പന്‍ പരിവര്‍ത്തനം നടക്കുന്ന മൂന്നാമത്തെ മേഖല. ഐ.ടി മേഖലയുടെ സാധ്യതകള്‍ തീര്‍ത്തും മങ്ങുകയാണ്. പകരം വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ സഹായത്തോടെ മാനുഫാക്ചറിങ് രംഗം ഉയർന്നു വരും. ഐ.ടി ഹബുകളിൽ നിന്ന് മാനുഫാക്ചറിങ്ഹബുകളിലേക്ക് വളര്‍ച്ച മാറും. 

 

എന്നാല്‍ ഇതുമൂന്നും നല്‍കുന്നത് വലിയ ബിസിനസ് അവസരങ്ങളാണ് എന്ന് സൗരഭ് ദാസ് ഓര്‍മിപ്പിച്ചു. അതിസമ്പന്നര്‍ കൂടുന്നത് പുതിയ സാധ്യതകളാണ് തുറക്കുന്നത്. പത്തുലക്ഷം അതിസമ്പന്ന കുടുംബങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അവര്‍ക്ക് പണം ഒരു പ്രശ്നമേയല്ല. വില എത്ര കുടുന്നോ അത്രയും വിൽപ്പന കൂടും എന്നതാണ് ഏതു മേഖലയിലെയും സ്ഥിതി. അള്‍ട്രാ ലക്ഷ്വറി വേണ്ടവര്‍ക്ക് ആവശ്യമായത് നല്‍കുന്നത് മികച്ച ബിസിനസ് അവസരമാക്കി മാറ്റാം. 

 

രണ്ടാമത്തേത് മധ്യവര്‍ഗത്തിനുണ്ടായ തിരിച്ചടി എങ്ങനെ ബിസിനസ് അവസരമാക്കി മാറ്റാം എന്നതാണ്. സർക്കാർ സഹായം കിട്ടാത്ത മധ്യവർഗത്തിന് വേണ്ടത് നൽകാന്‍ ഇനി സ്വകാര്യമേഖല മാത്രമാണുള്ളത്. സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവയിലെല്ലാം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നും സൗരഭ് മുഖര്‍ജി പറഞ്ഞു. 

 

മൂന്നാമത്തേത് കയറ്റുമതി മേഖലയാണ്. ഐ.ടി  മേഖലയുടെ തിളക്കം മങ്ങി. രൂപയുടെ മൂല്യം വർഷം തോറും 10 ശതമാനത്തോളം ഇടിയുന്നത് ഉൽപാദന മേഖലയിലെ കയറ്റുമതിക്ക് വൻ കുതിപ്പേകും. സൂറത്ത്, ലുധിയാന, കച്ച് തുടങ്ങിയ നഗരങ്ങൾ ഇതിനകം തന്നെ ഉൽപാദന കയറ്റുമതിയിൽ മുന്നേറിക്കഴിഞ്ഞു. അതിനാല്‍ ഉല്‍പാദന മേഖലയും മികച്ച നിക്ഷേപ അവസരമാണ് തുറന്നിടുന്നതെന്ന് സൗരഭ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.  

 

ENGLISH SUMMARY:

Indian middle class salary crisis and the rise of super-rich Indians present major economic shifts according to expert Saurabh Mukherjea. The article highlights declining white-collar job growth and new private sector investment opportunities.