അടിസ്ഥാന പലിശനിരക്ക് ഒറ്റയടിക്ക് 0.5 ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. ബാങ്കിന്‍റെ പണനയ സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വീണ്ടും കുറയും. ഫെബ്രുവരിയിലും ഏപ്രിലിലും 0.25 ശതമാനം വീതം കുറച്ചിരുന്നു. മൂന്ന് പണ നയയോഗങ്ങളിലായി ഒരു ശതമാനം പലിശയാണ് ആകെ കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയും. അടുത്ത രണ്ടുമാസത്തേക്കുള്ള പലിശനിരക്കാണ് ഇന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് അഞ്ച്, ഏഴ് തീയതികളിലാണ് അടുത്ത എംപിസി യോഗം.
വളർച്ചയാണു റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നതാണ് പണനയം. വിലക്കയറ്റ അനുപാതം നാലു ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറച്ചു. രാജ്യത്തെ ജിഡിപി വളർച്ച പ്രതീക്ഷ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തി. ബാങ്കുകളുടെ കരുതൽ പണ അനുപാതം നാലിൽ നിന്നു മൂന്നു ശതമാനമായും കുറച്ചു. ഇതു നാലു തവണയായി നടപ്പാക്കും.
വളർച്ച കൂട്ടാനും വായ്പാലഭ്യത വർധിക്കാനും ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്താനും പറ്റുന്ന നയമാണ് പ്രഖ്യാപിച്ചത്. ഗവർണറുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബാങ്ക് നിഫ്റ്റിയും സെൻസെക്സും നിഫ്റ്റിയും മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി 110-ഉം സെൻസെക്സ് 330 ഉം ബാങ്ക് നിഫ്റ്റി 400 ഉം പോയിന്‍റ് കയറി.