venjaramoodu-college-3

തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ എന്‍ജിനീയറിങ് കോളജ് ഫെസ്റ്റിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ചേങ്കോട്ടുകോണം സ്വദേശി അൽ അമീന് ഗുരുതരമായി പരുക്കേറ്റു.  ഇടിവള കൊണ്ട് മുഖത്തിടിച്ചതിനെ തുടർന്ന്  വിദ്യാർഥിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. റെറ്റിനയും കോർണിയയും തകർന്ന വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് മാറ്റും.

 

മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ശിവജിത്ത്, നിതിൻ, കാശിനാഥ് എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

അടിപിടി കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ് കോളേജിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതെന്ന് അൽ അമീന്‍റെ സഹോദരൻ അജ്മൽ വ്യക്തമാക്കി. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എംക്യു ബ്രദേഴ്സ് എന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സഹോദരന്‍ ആരോപിച്ചു. കത്തി അടക്കമുള്ള ആയുധങ്ങളുമായാണ് ഇവർ ക്യാംപസിൽ എത്തിയതെന്നും സഹോദരന്‍ പറഞ്ഞു. മറ്റ് ചില വിദ്യാർഥികൾക്കും മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്. 

 

കോളേജ് ഫെസ്റ്റ് നടക്കുന്ന സമയത്ത് ക്യാംപസില്‍  സുരക്ഷാ ക്രമീകരണങ്ങളോ പോലീസിന്‍റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ആളുകൾ ക്യാംപസിൽ പ്രവേശിക്കുന്നത് തടയാൻ കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. 

ENGLISH SUMMARY:

A second-year engineering student lost vision in his left eye after a brutal assault during a college fest at Muslim Association Engineering College in Venjaramoodu, Thiruvananthapuram. The attack allegedly involved a group armed with weapons, resulting in severe injuries and emergency surgery for the victim. Police have registered a case against seven accused, while questions are being raised over security lapses, delayed arrests, and the absence of adequate safety measures during the event. The incident has sparked outrage across Kerala.