സ്വിറ്റ്‍സര്‍ലന്‍ഡിലെ യു.എസ്.–ഇറാന്‍ ചര്‍ച്ചകള്‍ക്കിടെ യു.എസ് വൈസ് പ്രസിഡന്റിനെ ഖത്തര്‍ പ്രധാനമന്ത്രി അവഗണിച്ചോ? മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത് ബർഗൻസ്റ്റോക്ക് റിസോർട്ടില്‍ നിന്നു പുറത്തു വന്ന ദൃശ്യമാണ്.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്‍ റഹ്മാൻ അൽ താനി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ മറികടന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്, യു.എസ്.– പാക്കിസ്ഥാന്‍ പ്രതിനിധിസംഘങ്ങള്‍ക്കടുത്തേക്ക് നടന്നെത്തുന്നതും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് കൈ കൊടുക്കുന്നതുമാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. ഷരീഫിന്റെ തൊട്ടടുത്തു നില്‍ക്കുന്ന ജെ.ഡി.വാന്‍സിനെ കണ്ട ഭാവം പോലുമില്ലാതെയാണ് ഖത്തര്‍ പ്രധാനമന്ത്രി പെരുമാറിയത്. ഷഹബാസ് ഷരീഫിനോടും ഒപ്പമുണ്ടായിരുന്ന പാക് സൈനിക മേധാവി അസിം മുനീറിനോടും വളരെ സൗഹൃദത്തോടെ പെരുമാറുകയും ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും വാൻസിനെ ശ്രദ്ധിക്കാതെ ഷഹബാസ് ഷരീഫിന് ഹസ്തദാനം നൽകിയിരുന്നു. ഇതും വാൻസിനെ ബോധപൂർവ്വം അവഗണിച്ചതാണെന്ന രീതിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഖത്തര്‍ ഇതുവരെ ഈ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല. എന്നാല്‍ യു.എസ് ഔദ്യോഗിക വൃത്തങ്ങൾ ഈ വാർത്ത പൂർണ്ണമായും നിഷേധിക്കുകയാണ്. യു.എസ് പ്രതിനിധികൾ ഈ മീറ്റിംങ്ങിന് മുൻപ് തന്നെ മണിക്കൂറുകളോളം ഖത്തർ പ്രതിനിധികളുമായി ചർച്ച നടത്തിക്കഴിഞ്ഞിരുന്നെന്നും, അതുകൊണ്ട് വീണ്ടും ഒരു ഔപചാരികമായ ഹസ്തദാനത്തിന്റെ ആവശ്യമില്ലായിരുന്നു എന്നുമാണ് ഒരു യു.എസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു വിശദീകരിച്ചത്. വിവാദത്തിനിടയാക്കിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഖത്തർ പ്രധാനമന്ത്രി ജെ.ഡി വാൻസിനൊപ്പമുള്ള ചിത്രം തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ടെന്നും യു.എസ്. വിശദീകരിക്കുന്നു.
പക്ഷേ മാധ്യമങ്ങള്‍ക്കു മുന്നില്‍ കണ്ടത് കൃത്യമായും യു.എസ്. വൈസ് പ്രസിഡന്റിനോട് അകലം പാലിക്കുന്ന ഖത്തര്‍ നേതൃത്വത്തെയാണ്. മേഖലയില്‍ യു.എസിന്റെ അടുത്ത സുരക്ഷാപങ്കാളിയായിരുന്ന ഖത്തര്‍ സമീപകാല സംഭവവികാസങ്ങളിലെടുത്ത രാഷ്ട്രീയ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വൈറല്‍ ദൃശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.