ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നും ഡോ.കെ.ജെ.റീനയെ നീക്കിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. നാളെ വൈകിട്ട് നാല് മണിക്ക് വിധി പറയുമെന്നാണ് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രനും, എസ്.മുരളി കൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
ഡോ. കെ.ജെ.റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചത്. തതുല്യമായ പദവിയിലാണ് പുതിയ നിയമനമെന്നും സർക്കാർ വാദിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കേണ്ടത് ട്രൈബ്യൂണൽ ആണെന്നും, ഇടക്കാല ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
റീന തനിക്ക് ഡിഎച്ച്എസ് ആയി തുടരാമെന്ന ട്രൈബ്യൂണൽ വിധിയുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഓഫീസിൽ എത്തിയെങ്കിലും ചുമതല നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർ റീന എത്തുന്നതിനു മുമ്പേ സർക്കാർ താൽക്കാലിക ചുമതല നൽകിയ ഡോ. വി.മീനാക്ഷി കസേരയിൽ സ്ഥാനം പിടിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ നടപടിക്കാണ് സ്റ്റേ ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങിയത്. രണ്ടാഴ്ച കൂടി തുടരാനാണ് ഉത്തരവ്. വ്യാജ ലീവ് ആരോപണം ഉന്നയിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നുമായിരുന്നു ഡോ റീനയുടെ വാദം. സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ സ്ഥാനത്തുണ്ടാകില്ല എന്നായിരുന്നു കെ മുരളീധരന്‍റെ മറുപടി.
ഡോ. കെ.ജെ റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കായിരുന്നു സ്റ്റേ. ഡോ റീനയുടെ ഹര്‍ജിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. പകര്‍ച്ച വ്യാധിക്കാലത്ത് 15 ദിവസം അവധിയെടുത്തെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അപമാനിച്ചു, സ്പെഷല്‍ റൂള്‍ അനുസരിച്ച് ഡി.എച്ച്.എസ് നിയമനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല, അഡീഷണല്‍ ചീഫ് സെക്രട്ടറി ഒപ്പിടേണ്ട ഉത്തരവ് തയാറാക്കിയിരിക്കുന്നത് ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ ഡോ റീനയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് സ്റ്റേ. ഇതിനും മുകളിലും കോടതികളുണ്ടെന്നാണ് അന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞത്. ഡോ റീനയെ എറണാകുളം പബ്ളിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തിയാണ് സ്ഥലംമാറ്റിയത്.