haneesh

TOPICS COVERED

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്. കോടതി ഉത്തരവ് വായിച്ചാൽ മനസ്സിലാകില്ലേയെന്ന സിംഗിൾ ബെഞ്ച് പരിഹാസത്തിന് പിന്നാലെയാണ് രേഖാമൂലം ഹനീഷ് മാപ്പപേക്ഷ നൽകിയത്. INTUC സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ പ്രതിയായ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയുള്ള പുതിയ ഉത്തരവ് ജൂലൈ രണ്ടിന് ഹാജരാക്കാൻ കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 

ഹൈക്കോടതി പലതവണ വടിയെടുത്തിട്ടും ഹാജരാകാതിരുന്ന എ.പി.എം മുഹമ്മദ് ഹനീഷ്, അടി കിട്ടുമെന്ന് ഉറപ്പായത്തോടെയാണ് കോടതിയിലേക്ക് ഓടിയെത്തിയത്. വിഷയം പരിഗണിച്ച ഉടനെ 

കോടതിയുടെ ഉത്തരവ് വായിച്ചപ്പോൾ മനസിലാക്കാനായില്ലേയെന്ന് ജസ്റ്റിസ് എ. ബദറുദ്ദിൻ്റെ ചോദ്യം. എന്തുകൊണ്ടാണ് ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതിരുന്നത് ഉത്തരവ് മനസിലാക്കുന്നതില്‍ മുഹമ്മദ് ഹനീഷ് പരാജയപ്പെട്ടുവെന്നും, രേഖാമൂലം വിശദീകരണം നൽകണമെന്നും ഹൈക്കോടതി. നിരുപാധികം മാപ്പപേക്ഷിക്കുകയാണെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിച്ചു. മാപ്പപേക്ഷ ഹൈക്കോടതി ജൂലൈ രണ്ടിന് പരിഗണിക്കും.

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ കോർപ്പറേഷൻ മുൻ ചെയർമാനും INTUC സംസ്ഥാന പ്രസിഡണ്ടുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.രതീഷ് എന്നിവരാണ് പ്രതികൾ. സിബിഐ കുറ്റപത്രം നൽകിയ കേസിൽ മൂന്നുതവണയാണ് പിണറായി സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. തുടർന്നാണ് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജിയുമായി സമീപിച്ചതും, ഹൈക്കോടതി കടുത്ത നിലപാടിലേക്ക് കടന്നതും. അടുത്ത തവണ ഹർജി പരിഗണിക്കുന്ന ജൂലൈ രണ്ടിന് പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ഹാജരാക്കാനാണ് പുതിയ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതായത്, ഐഎൻടിയുസി നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇടതുസർക്കാർ നൽകാതിരുന്ന അനുമതി യുഡിഎഫ് സർക്കാർ നൽകേണ്ടിവരും.

ENGLISH SUMMARY:

APM Mohamed Haneesh, Additional Chief Secretary of the Industrial Department, has offered an unconditional apology in a contempt of court petition related to the cashew corporation corruption case. This follows a remark from the single bench questioning if the court's order was not understandable, prompting Haneesh to submit a written apology.