രാജ്യത്തിന്‍റെ ജി.ഡി.പി വളര്‍ച്ചാനിരക്ക് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് സാമ്പത്തിക സര്‍വെ. സാമ്പത്തിക അടിത്തറ ശക്തമാണെന്നും ഭക്ഷ്യവിലക്കയറ്റം ഈ വര്‍ഷം അവസാനത്തോടെ കുറയുമെന്നും സര്‍വെ പറയുന്നു.
ലോകബാങ്കിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും പ്രവചനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലായിരിക്കും വളര്‍ച്ചയെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. റിസര്‍വ് ബാങ്ക് പ്രവചിച്ചത് 6.5 ശതമാനവും ലോകബാങ്ക് പ്രവചിച്ചത് 6.7 ശതമാനവും ആയിരുന്നു. നിലവില്‍ സാമ്പത്തിക അടിത്തറ ശക്തമാണ്. ഈ വര്‍ഷം അവസാനം വിളവെടുപ്പുകാലം എത്തുന്നതോടെ ഭക്ഷ്യവിലക്കയറ്റം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും രാജ്യാന്തര വിപണിയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലകൂടുന്നതും പ്രതിസന്ധിയാണ്. രാജ്യാന്തരതലത്തില്‍ ഇന്ധനവില കുറയുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും റഷ്യ– യുക്രെയ്ന്‍ യുദ്ധവും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം വിദേശകരുതല്‍ ധനം ശക്തമായ നിലയിലാണ്. 616.7 ബില്ല്യന്‍ ഡോളര്‍ പത്തുമാസത്തേക്കുള്ള ഇറക്കുമതിക്ക് പര്യാപ്തമാണ്. തൊഴില്‍മേഖലയിലെ വളര്‍ച്ചയും പ്രതീക്ഷനല്‍കുന്നുവെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.