വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളികളിൽ നിന്നടക്കം ഒട്ടേറെ പേരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്തതായി പരാതി. കൊച്ചി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'കെ എൻ ട്രേഡിങ്' കമ്പനിയുടെ പരാതിയിൽ ദുബായിലെ 'ഈസ്റ്റേൺ ഫാംസ്' ഉടമകളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവർക്കെതിരെ ബർ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു . ഒന്നരക്കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങൾ തട്ടിയെടുത്ത ശേഷം സിവിൽ കോടതി വിധി മറികടക്കാനായി പ്രതികൾ കമ്പനി പൂട്ടി പുതിയ പേരിൽ ബിസിനസ്സ് തുടങ്ങിയതായും പരാതിയിലുണ്ട്.
2021 സെപ്റ്റംബറിലെ കരാർ പ്രകാരം കേരളത്തിൽ നിന്ന് ദുബായിലേക്ക് അയച്ചുകൊടുത്ത തേങ്ങ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കൈപ്പറ്റിയ ശേഷമാണ് പ്രതികൾ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറിയത്. പണം ബാങ്ക് വഴി അയച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാൻ ഇവർ വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അയച്ചുനൽകിയ ട്രാൻസ്ഫർ രസീതുകൾ പൂർണ്ണമായും വ്യാജമാണെന്ന് ബാങ്ക് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു. ചതി തിരിച്ചറിഞ്ഞ കെ എൻ ട്രേഡിങ് കമ്പനി ദുബായ് സിവിൽ കോടതിയെ സമീപിക്കുകയും പലിശയും കോടതി ചെലവും ഉൾപ്പെടെയുള്ള തുക ഈടാക്കി നൽകാൻ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്നും നിയമപരമായ ബാധ്യതകളിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ ദുബായിലെ കമ്പനി ധൃതിപിടിച്ച് പൂട്ടുകയായിരുന്നു.
തുടർന്ന് ഇതേ ആളുകൾ ചേർന്ന് മറ്റൊരു എമിറേറ്റിൽ പുതിയ പേരിൽ സമാനമായ ബിസിനസ്സ് സ്ഥാപനം ആരംഭിച്ച് തട്ടിപ്പ് തുടരുകയാണെന്ന് കമ്പനി അധികൃതർ ആരോപിക്കുന്നു. വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക വഞ്ചന, കോടതിവിധിയെ അട്ടിമറിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇപ്പോൾ ബർ ദുബായ് പൊലീസിൽ ക്രിമിനൽ പരാതി നൽകിയിരിക്കുന്നത്.
കോഴിക്കോട്ടെ രാജ് എക്സ്പോർട്സ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി പ്രമുഖ കയറ്റുമതി സ്ഥാപനങ്ങളെ ഈ സംഘം സമാനമായ രീതിയിൽ വഞ്ചിച്ചതായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്വന്തം യുട്യൂബ് ചാനൽ വഴിയുള്ള സാമൂഹമാധ്യമ പ്രചാരണങ്ങൾ ഉപയോഗിച്ച് പ്രതികൾ ഇപ്പോഴും തട്ടിപ്പ് തുടരുകയാണെന്നും കൂടുതൽ പേർ ചതിക്കുഴിയിൽ വീഴാതിരിക്കാനാണ് തങ്ങൾ നിയമപോരാട്ടവുമായി രംഗത്തിറങ്ങിയതെന്നും ഡയറക്ടർമാർ അറിയിച്ചു.